സിപിഎം വനിതാ നേതാവിന്റെ മരണം: കാരണം പുറത്ത്

0
93

സിപിഎം വനിതാ നേതാവ് പുഷ്പ ശ്രീനിവാസന്‍ അപകടത്തില്‍പ്പെട്ടു മരിക്കാന്‍ കാരണം കൗമരക്കാരുടെ മല്‍സര കാറോട്ടമെന്നു തെളിഞ്ഞു. മഹിളാ അസോസിയേഷന്റെ നേതാവായ പുഷ്പ കഴിഞ്ഞ ദിവസമാണ് കാര്‍ ഇടിച്ചു മരിച്ചത്. ഒമ്പത് വിദ്യാര്‍ഥികള്‍ നടത്തിയ മല്‍സര കാറോട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മരണകാരണത്തെക്കുറിച്ച് വ്യക്തമായത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവും മതിലകം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് കൊല്ലപ്പെട്ട പുഷ്പ.

 

കയ്പമംഗലം കാളമുറി സ്വദേശികളായ രണ്ടു യുവാക്കളാണ് തിരക്കേറിയ ദേശീയ പാതയില്‍ കാറുകളുമായി സാഹസിക പ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. കാറുകളുടെ മരണപ്പാച്ചില്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു ബൈക്ക് യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
എതിരെ വരുന്ന വാഹനങ്ങളെ പോലും പരിഗണിക്കാതെ മുന്നില്‍ പോകുന്ന വാഹനങ്ങളെ വെട്ടിച്ചും പരസ്പരം മറികടക്കാന്‍ ശ്രമിക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുണ്ട് ഈ ദൃശ്യങ്ങള്‍ക്ക്. പുഷ്പ ശ്രീനിവാസനെ ഇടിച്ചിടുന്നതിന് തൊട്ടു മുമ്പായി കെഎല്‍ 47 3031 കൊറോള ആള്‍ട്ടിസ് കാര്‍ മുന്നില്‍ പോയ കെഎല്‍8 വി 6560 മാരുതി റിറ്റ്സിനെ മറികടന്ന് വേഗത്തില്‍ കുതിക്കുന്നുണ്ട്. ഈ സമയം ഇടത് വശത്ത് കൂടി കൊറൊളയെ മറിക്കടക്കാന്‍ ശ്രമിച്ച റിറ്റ്സാണ് പുഷ്പ ശ്രീനിവാസനെ ഇടിക്കുന്നത്. ഒപ്പത്തിനൊപ്പും ഇരുകാറുകളും പായുന്നതിനാല്‍ വലത്തോട്ട് വെട്ടിക്കാനും റിറ്റ്സിലെ ഡ്രൈവര്‍ക്ക് സാധിച്ചില്ല.
അപകടമുണ്ടാക്കിയ റിറ്റ്സ് കാര്‍ ഓടിച്ചിരുന്ന കയ്പമംഗലം കാളമുറി ആണപറമ്പില്‍ സജിന്‍ബാബു, കൂടെ കൊറോള കാറോടിച്ചിരുന്ന കയ്പമംഗലം സ്വദേശി സഞ്ജിത്ത് എന്നിവര്‍ക്കെതിരെ മനപ്പൂര്‍വ്വമുള്ള നരഹത്യയ്ക്ക് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തു. ഇരുവരെയും മത്സരയോട്ടത്തിന് പ്രേരിപ്പിച്ച മറ്റ് യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്ലം, മിഥിലാജ്, ആഷിക്, അഭിരാം, ശരത്ത് എന്നിവരോടോപ്പം പ്രായ പൂര്‍ത്തിയായിട്ടില്ലാത്ത മറ്റ് രണ്ട് പേരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് കാറും പൊലീസ് കസ്റ്റഡിയിലാണ്. പ്ലസ് ടു കഴിഞ്ഞ ഒമ്പത് പേരാണ് ഇരു കാറുകളിലുമായി ഉണ്ടായിരുന്നത്. പഠനം കഴിഞ്ഞുള്ള ഒത്തുച്ചേരലിന്റെ ഭാഗമായി കോട്ടപ്പുറത്തും അഴീക്കോട് മുനക്കല്‍ ബീച്ചും സന്ദര്‍ശിച്ച ശേഷം തിരിച്ച് വരികയായിരുന്നു ഇവര്‍. ആവേശം കൂടിയപ്പോള്‍ പരസ്പരം കൂക്കി വിളിച്ച് മത്സരയോട്ടം നടത്തുകയായിരുന്നു. ഇതാണ് ഒരു ജീവനെടുത്തത്തും.