അസാധു നോട്ടുകൾ മാറ്റിവാങ്ങാൻ സഹകരണ ബാങ്കുകൾക്ക് ഒരു മാസം

0
89

നോട്ടു നിരോധനത്തെ തുടർന്ന് പിൻവലിച്ച 500, 1000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ജില്ലാ സഹകരണ ബാങ്കുകൾക്ക് സർക്കാർ അനുമതി. 2016 ഡിസംബർ 30ന് മുമ്പ് ശേഖരിച്ച നോട്ടുകൾ നിക്ഷേപിക്കാൻ ഒരു മാസമാണ് കാലാവധി നൽകിയിരിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകൾക്ക് പുറമേ പോസ്റ്റ് ഓഫീസുകൾക്കും നിക്ഷേപിക്കാവുന്നതാണ്.

ഇത് സംബന്ധിച്ച ധനകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗികവിജ്ഞാപനം പുറത്തിറങ്ങി. ജില്ലാ സഹകരണ ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കും 30 ദിവസത്തിനുള്ളിൽ റിസർവ് ബാങ്കിന്റെ ഏതെങ്കിലും ഓഫീസുവഴി പഴയ നോട്ടുകൾ മാറ്റിവാങ്ങാമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ നിബന്ധനകൾ അനുസരിച്ചായിരിക്കും നോട്ടുകൾ മാറ്റി നൽകുകയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

2016 നവംബർ 8നാണ് 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ടുകൾ മാറ്റിവാങ്ങേണ്ട സമയപരിധിക്കുള്ളിൽ മാറിയെടുക്കാൻ പല സഹകരണ ബാങ്കുകൾക്കും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

.