ഉത്തപ്പ വരണേൽ ഒരാളെക്കൂടി കേരളം എടുക്കണം

0
123

കർണാടക ക്രിക്കറ്റ് അസ്സോസ്സിയേഷൻ മറ്റു സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാനുള്ള എൻ.ഒ.സി റോബിൻ ഉത്തപ്പയ്ക്ക് കൊടുത്തത് മുതൽ കേരളത്തിൽ ആഹ്‌ളാദ ആരവങ്ങൾ ആണ്..കേരളാ രഞ്ജി ടീമിൽ നായകനും ഓപ്പണറും ആയി ഉത്തപ്പ ഉണ്ടാകും എന്ന ഉറച്ച വിശ്വാസത്തിൽ ആയിരുന്നു കേരളാ ക്രിക്കറ്റ് പ്രേമികൾ. എന്നാൽ ഉത്തപ്പയുടെ കേരളാ ടീം പ്രവേശം മുൻ ഇന്ത്യൻ താരത്തിൻറെ ഒരു ആവശ്യത്തിൽ തട്ടി മുന്നോട്ടു പോകാതെ നിൽക്കുകയാണ്.
ഉത്തപ്പയ്ക്ക് നായക സ്ഥാനം ഉൾപ്പടെ നിരവധി ഉറപ്പുകൾ നൽകിക്കൊണ്ടാണ് അദ്ദേഹത്തിന്റെ മാതാവിന്റെ നാടായ കേരളം കാത്തിരിക്കുന്നത്. എന്നാൽ ഇതുവരെ ഉത്തപ്പ കരാറിൽ ഒപ്പ് വെച്ചിട്ടില്ല. മൂന്നാഴ്ച മുൻപ് ഉത്തപ്പ ചില ആവശ്യങ്ങൾ അടങ്ങിയ പട്ടിക കേരളാ ക്രിക്കറ്റ് അസോസ്സിയേഷന് കൈമാറിയിരുന്നു. കെ.സി.എ അതിനുള്ള മറുപടിയും നൽകി. എന്നാൽ അതിനു ശേഷം ഉത്തപ്പയുമായുള്ള ചർച്ചകൾ ഒരു പുരോഗതിയുമില്ലാതെ നിൽക്കുകയാണ് എന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് വ്യക്തമാക്കി.
കർണാടക ടീമിൽ സഹ താരം ആയിരുന്ന അമിത് വർമയെ ടീമിൽ എടുക്കണം എന്നാണു ഉത്തപ്പ ആവശ്യപെട്ടത്. കഴിഞ്ഞ സീസണിൽ അസാമിന് വേണ്ടി കളിച്ച താരമാണ് അമിത്. ഇടംകയ്യൻ ബാറ്റ്‌സ്മാനും ലെഗ് സ്പിന്നറുമായ അമിത് ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 11 സെഞ്ചുറികൾ അടക്കം 3815 റൺസും 60 വിക്കറ്റും നേടിയ താരമാണ്. എന്നാൽ മധ്യപ്രദേശിൽ നിന്നുള്ള ജലജ് സക്‌സേന ടീമിൽ ഉള്ളതിനാൽ കേരളം ഈ ആവശ്യത്തോട് അനുഭാവപൂർവം പ്രതികരിച്ചില്ല. കേരളത്തിന് ഈ സീസണിൽ ആവശ്യം ഒരു പരിചയ സമ്പന്നനായ ഓപ്പണർ ആണെന്നും ഓൾ റൌണ്ടർ അല്ലെന്നുമുള്ള നിലപാടിലാണ് കെ.സി.എ . മുൻ പാകിസ്ഥാൻ, ശ്രീലങ്കൻ പരിശീലകനായ ഡേവ് വാട്‌മോർ കേരളാ പരിശീലക സ്ഥാനത്തേക്ക് എത്തുന്ന സീസണിൽ കുറേകൂടി മികച്ച പ്രകടനം കേരളം കെട്ടഴിക്കുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷൻറെ പ്രതീക്ഷ.
ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്താണ് ഉത്തപ്പ. അമിതിനെ ടീമിൽ എടുക്കണം എന്നാ ആവശ്യം കേരളം തള്ളിയതിന് ശേഷം ഉത്തപ്പ കെ.സി.എയുമായി ബന്ധപ്പെട്ടിട്ടും ഇല്ല. വിദർഭ ക്രിക്കറ്റ് അസോസിയേഷനുമായി ഉത്തപ്പ ചർച്ചകൾ നടത്തുന്നതായും വാർത്തകൾ ഉണ്ട്. വാസീം ജാഫർ ഒഴിഞ്ഞ ഓപ്പണർ സ്ഥാനത്തേക്ക് ഉത്തപ്പ പരിഗണിക്കപ്പെടുന്നു എന്നാണ് വാർത്തകൾ.