കശ്മീരില്‍ ഇന്ത്യ-പാക് ചര്‍ച്ച വേണമെന്ന് യു.എന്‍

0
70

കശ്മീരിലെ തര്‍ക്ക വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുമായി ഈ വിഷയത്തില്‍ താന്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി രണ്ട് തവണയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍, കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം തുടങ്ങിയവയൊക്കെ പരിഹരിക്കപ്പെടേണ്ടവയാണ്. ഇത്തരം വിഷയങ്ങള്‍ ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഐക്യരാഷ്ട്രസഭാ വക്താവ് അറിയിച്ചു.
സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ഈ മാസം ആദ്യം നടന്ന അന്തര്‍ദേശിയ സാമ്പത്തിക ഉച്ചകോടിയ്ക്കിടെ ഗുട്ടെറസും മോഡിയും കൂടിക്കാഴ്ച നടത്തിയിരുന്നു.