ക്രിസ്റ്റ്യാനോയിലൂടെ പോർച്ചുഗൽ

0
113

പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എഴുപത്തിനാലാം അന്താരാഷ്ട്ര ഗോളിലൂടെ പോർച്ചുഗൽ കോൺഫഡറേഷൻ കപ്പിലെ ആദ്യ ജയം നേടി. ആതിഥേയരായ റഷ്യയെ ഏകഗോളിന് പിന്തള്ളിയ പോർച്ചുഗൽ ഗ്രൂപ്പ് എയിൽ നാല് പോയിൻറുമായി ഒന്നാം സ്ഥാനത്തേക്ക് എത്തി. എട്ടാം മിനിറ്റിൽ റാഫേൽ ഗുവാരോയുടെ ക്രോസ്സിൽ നിന്നും ക്ലോസ് റെയിഞ്ച് ഹെഡറിലൂടെയാണ് ക്രിസ്റ്റ്യാനോ റഷ്യൻ നായകൻ ഇഗോർ അകിൻഫീവിനെ കീഴടക്കിയത്.


ഈ ഗോളോടെ റൊണാൾഡോ എഴുപത്തിയഞ്ച് അന്താരാഷ്ട്ര ഗോളുകൾ നേടുന്ന മൂന്നാമത്തെ യൂറോപ്യൻ താരം എന്ന നേട്ടത്തിന് അടുത്തായി. നാല് യൂറോപ്യൻ കപ്പുകൾ , മൂന്ന് ലോകകപ്പുകൾ, ഒരു കോൺഫഡറേഷൻ കപ്പു എന്നിങ്ങനെ കളിച്ച അന്താരാഷ്ട്ര ടൂർണമെന്റുകളിൽ എല്ലാം ഗോൾ നേടാൻ ഇതോടെ റൊണാൾഡോയ്ക്ക് ആയി. റഷ്യയും പോർച്ചുഗലും ഒരു പോലെ അവസരങ്ങൾ തുറന്നെടുത്ത മത്സരമായിരുന്നു ഇത്. രണ്ടു കളികളിൽ നിന്നും നാല് പോയിന്റ് ആണ് പോർച്ചുഗലിന് ഉള്ളത്. റഷ്യക്ക് മൂന്നും മെക്‌സിക്കോയ്ക്ക് ഒന്നും പോയിന്റ് ഉണ്ട്.