ജനകീയ യാത്ര പാരയാകുന്നു; ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ കേസ് വരുന്നു

0
150

ജനകീയ യാത്രയെന്ന പേരില്‍ കൊച്ചി മെട്രോയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിവാരങ്ങളും നടത്തിയ യാത്രക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ച് മെട്രോ അധിക്യതര്‍. നേതാക്കള്‍ നടത്തിയ യാത്ര ജനദ്രോഹപരമായ നടപടിയാണെന്നും യാത്രയില്‍ മട്രോയ്ക്ക് ഉണ്ടാക്കി കൊടുത്തത് നാശനഷ്ടങ്ങളും നിയമലംഘനവുമാണെന്നാണ് അധിക്യതര്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ചു ജനകീയ യാത്രയുടെ സംഘാടകരോട് വിശദീകരണം ചോദിക്കുമെന്നും നിയമ ലംഘനത്തിന് നടപടിയുമുണ്ടാകുമെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു.

യാത്രയ്ക്കാവശ്യമായ ഇരുന്നൂറു ടിക്കറ്റുകളാണ് ആദ്യം എടുത്തതെങ്കിലും അണികളുടെ ഇടിച്ചു കയറല്‍ മൂലം ടിക്കറ്റ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു വെയ്‌ക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. യാത്രയ്ക്ക് നേത്യത്വം നല്‍കിയ ചെന്നിത്തലക്കോ ഉമ്മന്‍ ചാണ്ടിക്കോ ആദ്യ ട്രയിനില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ആലുവാ സ്റ്റേഷനില്‍ അണികളോട് എത്താന്‍ പറഞ്ഞിട്ടില്ല എന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

ആളുകള്‍ തിങ്ങിക്കയറിയതോടെ എസ്‌ക്കലേറ്റര്‍ തകരാറിലായി. എന്നാല്‍ ഇത് മനപൂര്‍വ്വം നിര്‍ത്തിയതാണെന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചത്. സുരക്ഷാ പരിശോധനക്കുപയോഗിക്കുന്ന മെറ്റല്‍ ഡിക്ടറ്ററുകളും ഇളകിയാടി. സുരക്ഷാ പരിശോധനകള്‍ ഒന്നും കൂടാതെ അണികള്‍ ഇടിച്ചു കയറിയപ്പോള്‍ ഓട്ടോമാറ്റികിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ തുറന്നു വെയ്‌ക്കേണ്ട് സാഹചര്യം വരെ വന്നു.

സുരക്ഷാ ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പാടെ തള്ളിക്കളഞ്ഞു കൊണ്ട് അപകടകരമാം വിധം പ്ലാറ്റ്‌ഫോമില്‍ തിക്കും തിരക്കും സ്യഷ്ടിച്ചത് സാധാരണക്കാരുടെ യാത്രയേയും ബാധിച്ചു. ട്രെയിനും പ്ലാറ്റ്‌ഫോമും തമ്മില്‍ വേര്‍തിരിക്കുന്ന യെല്ലോ ലൈന്‍ മറികടന്നാണ് പല നേതാക്കളും അവിടെ നിന്നത്.

പരിധിയില്‍ കൂടുതല്‍ ആളുകള്‍ ഇടിച്ചു കയറിയതോടെ വാതിലുകള്‍ അടയ്ക്കാന്‍ സാധിക്കാതെ വന്നു. മെട്രോ സ്‌റ്റേഷനില്‍ മുദ്രാ വാക്യങ്ങള്‍ വിളിക്കാന്‍ പാടില്ല എന്ന് അറിയിപ്പുകള്‍ ഉണ്ടായിട്ടും അത് അവഗണിച്ച് ഒരു മണിക്കൂറാണ് അണികള്‍ മുദ്രാവാക്യ പ്രകടനം നടത്തിയത്. പ്രവര്‍ത്തകര്‍ ട്രെയിനില്‍ മുദ്രാവാക്യം മുഴക്കുന്നതും ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുന്നതുമെല്ലാം മെട്രോ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.
ആയിരം രൂപ പിഴയും ആറു മാസം വരെ തടവും മെട്രോ നയം അനുസരിച്ച് ഈ കുറ്റങ്ങള്‍ക്കു ലഭിക്കാന്‍ സാധ്യതയുണ്ട്.

മെട്രോ നയം അനുസരിച്ചു മറ്റു യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്. ജനകീയ യാത്രയില്‍ പങ്കെടുത്തവര്‍ മൂലം മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും പരാതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരില്‍ നിന്നും 500 രൂപ പിഴ ഈടാക്കാവുന്ന കുറ്റമാണിത്. സ്റ്റേഷനിലെയും ട്രെയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും നടപടിയെടുക്കുമെന്നാണ് മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.