നെഞ്ചുവേദന ; ജസ്റ്റിസ് കര്‍ണനെ ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി

0
94

കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട് കൊൽക്കത്ത പ്രസിഡൻസി ജയിലിലേക്ക് മാറ്റിയ ജസ്റ്റിസ് സി.എസ്.കർണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് പരിശോധനകൾക്കായി കർണനെ ആശുപത്രിയിലെത്തിച്ചത്. തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമമെന്ന നിലയിൽ നൽകിയ ജാമ്യാപേക്ഷയും സുപ്രീംകോടതി നിരസിച്ചതോടെയാണ് കർണനെ ജയിലിലേക്ക് മാറ്റിയത്.

ശിക്ഷവിധിച്ച ഏഴംഗ ബെഞ്ചിനെ സമീപിക്കാനായിരുന്നു സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ നിർദേശം. ജാമ്യം അനുവദിക്കണമെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നുമുളള ആവശ്യങ്ങൾ ഏഴംഗ ബെഞ്ചിനു മുന്നിൽ തന്നെ പറയണമെന്നും കോടതി നിർദേശിച്ചു. അവധി കഴിഞ്ഞ് തുറക്കുന്ന അടുത്തമാസം മൂന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കാനാണ് കർണൻറെ അഭിഭാഷകൻറെ തീരുമാനം.

ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അവധിക്കാല ബെഞ്ചാണു കർണന്റെ ഹർജി നിരസിച്ചത്. ജസ്റ്റിസ് സഞ്ജയ് കൗളും ബെഞ്ചിലുണ്ട്. വിഷയത്തിൽ യാതൊരു ഇളവും അനുവദിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. അഭിഭാഷകൻ മാത്യു ജെ. നെടുമ്പാറയാണു ജസ്റ്റിസ് കർണനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ബുധനാഴ്ച എയർ ഇന്ത്യവിമാനത്തിലാണ് ചെന്നൈയിൽ നിന്നും കർണനെ കൊൽക്കത്തയിൽ എത്തിച്ചത്. വിമാനത്താവളത്തിൽ നിന്നും വൈദ്യപരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ നേരിട്ട് ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കോയമ്പത്തൂരിൽ ചൊവ്വാഴ്ച രാത്രിയിൽ അറസ്റ്റിലായ കർണനെ ബുധനാഴ്ചയാണ് കൊൽക്കത്തയിലെത്തിച്ചത്. തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ ബംഗാൾ പൊലീസാണു കർണനെ പിന്തുടർന്നു പിടികൂടിയത്. കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒന്നരമാസം ഒളിവിലായിരുന്നു കൊൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ. കഴിഞ്ഞമാസം ഒൻപതിനാണു ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ തലവനായ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ആറുമാസം തടവിനു കർണനെ ശിക്ഷിച്ചത്. വിധി പ്രഖ്യാപിക്കുമ്പോൾ കൊൽക്കത്തയിൽനിന്നു ചെന്നൈയിലേക്കുള്ള വിമാനത്തിലായിരുന്നു കർണൻ. പിന്നീട് ഒളിവിൽ പോയ അദ്ദേഹത്തെ കോയമ്പത്തൂരിൽനിന്നു 15 കിലോമീറ്റർ അകലെ മലുമിച്ചംപട്ടിയിലെ സ്വകാര്യ സർവകലാശാലയ്ക്കു സമീപത്തെ വീട്ടിൽനിന്നാണു ബംഗാൾ പൊലീസ് ചൊവ്വാഴ്ച രാത്രി 7.45ന് അറസ്റ്റ് ചെയ്തത്.

ദലിതനായ തന്നെ സഹജഡ്ജിമാർ പീഡിപ്പിക്കുന്നുവെന്നു പരസ്യമായി ആരോപണമുന്നയിച്ച അദ്ദേഹം സുപ്രീം കോടതി ജഡ്ജിമാർ അടക്കമുള്ളവർക്കെതിരെ അഴിമതി ആരോപണങ്ങളും ഉന്നയിച്ചാണു വിവാദപുരുഷനായത്. കഴിഞ്ഞ 12നു അദ്ദേഹം സർവീസിൽനിന്നു വിരമിച്ചിരുന്നു.