ന്യൂയോര്‍ക്ക്-ലണ്ടന്‍ യാത്ര രണ്ടര മണിക്കൂറാകുന്നു: പിന്നില്‍ സൂപ്പര്‍ സോണിക് വിമാനം

0
88

ആറര മണിക്കൂറുള്ള ന്യൂയോര്‍ക്ക് – ലണ്ടന്‍ യാത്ര രണ്ടര മണിക്കൂറായി വെട്ടിച്ചുരുങ്ങുന്നു. രണ്ടര മണിക്കൂര്‍ കൊണ്ട് ലണ്ടനില്‍ പറന്നെത്താന്‍ സാധിക്കുന്ന സൂപ്പര്‍ സോണിക് വിമാനമാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് ഇത്തരതത്തിലുള്ള അത്യാധുനിക അതിവേഗ വിമാനം പുറത്തിറക്കുന്നത്.

ഇന്നലെ പാരീസ് എയര്‍ ഷോയിലാണ് ഇത്തരമൊരു വിമാനം കമ്പനി അവതരിപ്പിച്ചത്. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ വിമാനം യാത്രയ്ക്ക് തയ്യാറാവുമെന്നും, ലോകത്തിലെ പ്രധാന പല വിമാനക്കമ്പനികളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമാണ് ബൂമിന്റെ സ്ഥാപകനും മേധാവിയുമായ ബ്ലേക്ക് സ്‌കോള്‍ വ്യക്തമാക്കുന്നത്.

ന്യൂയോര്‍ക്ക് – ലണ്ടന്‍ സര്‍വ്വീസ് കൂടാതെ അഞ്ചര മണിക്കൂര്‍കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുന്ന സാന്‍ഫ്രാന്‍സിസ്‌കോ- ടോക്കിയോ സര്‍വ്വീസും, എഴ് മണിക്കൂറുകൊണ്ട് എത്തിച്ചേരുന്ന ലോസാഞ്ചല്‍സ്- സിഡ്നി സര്‍വ്വീസും കമ്പനി ആലോചിക്കുന്നുണ്ട്. ന്യൂയോര്‍ക്ക്- ലണ്ടന്‍ യാത്രയ്ക്ക് അയ്യായിരം ഡോളറാണ് കമ്പനി കണക്കാക്കുന്ന ഏകദേശ യാത്രാകൂലി.

എന്നാല്‍ ഇത്തരം വിമാന സര്‍വീസുകള്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ പ്രായോഗികമല്ലെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ധനച്ചെലവ്, സാങ്കേതികത, സര്‍വീസ് സമയം, സൂപ്പര്‍സോണിക് വിമാനങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ തുടങ്ങിയവയൊക്കെ ഇത്തരം വിമാനസര്‍വീസുകളുടെ പ്രായോഗിക ബുദ്ധിമുട്ടുകളാണ്.