പകര്‍ച്ചപ്പനി: മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതല; സര്‍വകക്ഷിയോഗവും

0
80

പകര്‍ച്ചപ്പനി അപകടകരമായി പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ സംവിധാനങ്ങളുമായി സര്‍ക്കാര്‍. ഓരോ ജില്ലകളിലേയും പനി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മറ്റെന്നാള്‍ സര്‍വകക്ഷിയോഗം ചേരുന്നതിനും തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

27,28,29 തീയതികളിലാണ് സംസ്ഥാനത്താകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 23ന് മന്ത്രിമാരുടെ ജില്ലാ തല യോഗങ്ങള്‍ ചേരും. അന്നുതന്നെ സര്‍വകക്ഷി യോഗവും ചേരും. ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ അടിയന്തര ഇടപെടല്‍ നടത്തും. സ്വകാര്യമേഖലയില്‍നിന്നുള്ളതടക്കം ജീവനക്കാരുടെ സഹായം തേടും.

പനി മേഖലകളെ തീവ്രതകള്‍ക്കനുസരിച്ച് മൂന്നായി തിരിക്കും. കൂടുതല്‍ ആളുകളുള്ള സ്ഥലത്ത് കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കും. പ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തും. തിരക്കുള്ള പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.