എറണാകുളം ജില്ലയിലെ പുതുവൈപ്പില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന എല്‍.പി.ജി. ടെര്‍മിനലിന്റെ നിര്‍മാണം തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. സര്‍ക്കാരും സമരക്കാരും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
എന്നാല്‍ പദ്ധതി ഉപേക്ഷിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കും. പാരിസ്ഥിതിക, സുരക്ഷ സംബന്ധിച്ച ആശങ്ക പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. അതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെയാണ് പ്ലാന്റിന്റെ പണി നിര്‍ത്തിവയ്ക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ആയതിനാല്‍ത്തന്നെ എല്‍.പി.ജി. ടെര്‍മിനല്‍ പദ്ധതി പൂര്‍ണമായി ഉപേക്ഷിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പദ്ധതി വേണ്ടായെന്ന് വയ്ക്കുന്നെങ്കില്‍ ആ തീരുമാനം ഉണ്ടാവേണ്ടത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നാണ്. എന്നാല്‍, സംസ്ഥാനത്തിന് കൂടി ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മറക്കരുത്. സമരസമിതി ഉന്നയിക്കുന്ന പ്രധാന ആരോപണം പ്ലാന്റ് നിര്‍മിക്കുന്നത് സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാണ്. ഇത് സര്‍ക്കാര്‍ ഗൗരവമായി തന്നെ പരിശോധിക്കും. പ്ലാന്റ് എല്ലാ അര്‍ത്ഥത്തിലും സുരക്ഷിതമാണെന്ന് ഐ.ഒ.സി. വ്യക്തമാക്കിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധസമിതി പരിശോധിച്ച് ഉറപ്പുവരുത്തും. ജനങ്ങള്‍ക്ക് ഹാനി വരുത്തുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ല. പ്ലാന്റ് ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും സമിതി പരിശോധിക്കും. സമിതിയിലെ അംഗങ്ങളെ ഉടന്‍ തന്നെ നിയമിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചര്‍ച്ചക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. നിലവില്‍ ഐ.ഒ.സിക്കു പാരിസ്ഥിതികാനുമതിയുണ്ട്. ഇതു ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ടെര്‍മിനലിന്റെ നിര്‍മാണം തടസപ്പെടുത്താന്‍ അനുവാദമില്ല. നിയമപരമായ നടപടികളുമായി ഐ.ഒ.സിക്കു മുന്നോട്ടുപോകാന്‍ അനുവാദമുണ്ട്. ഇതില്‍ വ്യക്തവരുത്തിയുള്ള ഉത്തരവു പുറപ്പെടുവിക്കേണ്ട സാഹചര്യമില്ല. സി.ആര്.ഇസെഡ് മേഖലയിലാണു പദ്ധതി. പെട്രോളിയം ഉല്പന്നങ്ങളും എല്‍.പി.ജിയും സൂക്ഷിക്കുന്നതിനു തടസമില്ലെന്നു ഹരിത ട്രൈബ്യൂണല്‍ നിരീക്ഷിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഐ.ഒ.സിയ്ക്കു പാരിസ്ഥിതികാനുമതി നല്‍കിയത് ഹരിത ട്രൈബ്യൂണല്‍ ആണ്. നാട്ടുകാരില്‍ ചിലരുടെ പരാതിപ്രകാരം പോലീസ്, പണി തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ ഐ.ഒ.സിയോടു നിര്‍ദേശിച്ചു മുഖ്യമന്ത്രി വ്യക്തമാക്കി.
2016 സെപ്റ്റംബറില്‍ ഹൈക്കോടതി പദ്ധതിയുമായി മുന്നോട്ടുപോകാമെന്നു ഉത്തരവിട്ടു. 2016ല്‍ പഞ്ചായത്ത് സെക്രട്ടറി, കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയ പ്രതിനിധി, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി പദ്ധതി പരിശോധിച്ചു. എല്ലാ നിയമങ്ങളും പാലിക്കുണ്ടെന്നു കണ്ടെത്തി. ഡി.ജി.പിയുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നു 2017 ജനുവരി 30ന് ഹൈക്കോടതി നിര്‍ദേശം നല്കി. പദ്ധതി സ്ഥലത്തു തടസങ്ങളുണ്ടാക്കുകയോ, ഉണ്ടാക്കാന്‍ പ്രേരിപ്പിക്കാന്‍ ചെയ്യില്ലെന്നും രേഖപ്പെടുത്തി.
ലോകത്ത് ഇന്നുള്ളതില്‍ വച്ച് ഏറ്റവുംമികച്ച സുരക്ഷാസാങ്കേതിക രൂപകല്‍പ്പനയാണു പുതുവൈപ്പിലേത്. ഏതെങ്കിലും കാരണവശാല്‍ വാതകച്ചോര്‍ച്ചയുണ്ടായാല്‍ സ്വയം തിരിച്ചറിഞ്ഞു പൈപ്പുകള്‍ അടയുന്ന സംവിധാനമുണ്ട്. സംഭരണികള്‍ അമിതമായി നിറയ്ക്കുന്നതുകൊണ്ടുള്ള അപകടം കുറയ്ക്കാനും സംവിധാനമുണ്ട്. അമിതമായ ചൂടിനെയും പ്രതിരോധിക്കാനുള്ള സാങ്കേതിക ശേഷിയുണ്ട്. കടലാക്രമണ ഭീഷണി സംബന്ധിച്ച് ഐ.ഐ.ടി. മദ്രാസ് നടത്തിയ പഠനത്തിലും പദ്ധതി സുരക്ഷിതമാണെന്നാണു കണ്ടെത്തിയതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജനങ്ങളുടെ ആശങ്ക പരിഹരിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രിയുമായുള്ള യോഗത്തിനുശേഷം സമരസമിതി അംഗങ്ങള്‍ വ്യക്തമാക്കി. പോലീസിന്റെ അക്രമം പരിശോധിക്കാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സമരം നിര്‍ത്തിവയ്ക്കില്ലെന്നും സമരക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ആലോചിച്ചശേഷം നടപടിയെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.
എന്നാല്‍ സമരം നിര്‍ത്തിവയ്ക്കില്ലെന്നും പുതുവൈപ്പില്‍ ഈ പ്ലാന്റ് സ്ഥാപിക്കാതിരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരസമിതി കൂടിയാലോചന നടത്തിയതിനു ശേഷമേ കൂടുതല്‍ തീരുമാനമെടുക്കൂ എന്നും അവര്‍ പറഞ്ഞു.