മൂന്നാര്‍ ഉന്നതതല യോഗത്തിന് എതിര്‍പ്പുമായി റവന്യൂ മന്ത്രി

0
109

മൂന്നാര്‍ കൈയേറ്റം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മറ്റൊരു സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കുന്നതിനെതിരേ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കുന്നതിന് നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് മന്ത്രി പറയുന്നത്. ഇത് ചൂണ്ടിക്കാണിച്ച് മന്ത്രി മുഖ്യമന്ത്രിക്ക് കത്തും നല്‍കി.
ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനെ മാറ്റണമെന്നും മറ്റും കാണിച്ച് മന്ത്രി എം.എം.മണിയുടെ നേതൃ്വത്തിലുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ട് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി റവന്യൂ മന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.ഐക്ക് നേരത്തെതന്നെ എതിര്‍പ്പുണ്ടായിരുന്നു. സര്‍വകക്ഷി സംഘത്തിനൊപ്പം പോയ മുതിര്‍ന്ന നേതാവ് ജോസ് ബേബിയെ സി.പി.ഐ. തള്ളി രംഗത്തെത്തിയിരുന്നു. ഇതിനെല്ലാം ശേഷമാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതിനെതിരേതന്നെ രംഗത്തെത്തിയിരിക്കുന്നത്.

കോവളം കൊട്ടാരം സംബന്ധിച്ച വിഷയത്തിലും മന്ത്രിസഭയില്‍ ഭിന്നതയുണ്ട്. സ്വകാര്യ റിസോര്‍ട്ട് വിട്ടുകൊടുക്കുന്നതില്‍ റവന്യൂ മന്ത്രി എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്കും ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

ജൂലൈ ഒന്നിന് ഉന്നതതല യോഗം വിളിക്കുന്നതിനായിരുന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്. എം.എം. മണിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി യോഗത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു യോഗം വിളിക്കാന്‍ തീരുമാനിച്ചത്. ചെറുകിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കില്ലെന്ന മുന്‍ തീരുമാനം സബ് കലക്ടര്‍ ലംഘിക്കുന്നുവെന്നു പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നതതല യോഗം വിളിക്കുന്നതിനായിരുന്നു നിര്‍ദേശം. ഇടുക്കി പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയതോടെയാണ് കയ്യേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ജെ.സി.ബി. ഉപയോഗിച്ചുള്ള ഒഴിപ്പിക്കലുകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.