മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമിച്ച റൈഫിളുകൾ സൈന്യം തള്ളി

0
152

മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റൈഫിളുകൾ സൈന്യം തള്ളി.നിലവിൽ ജവാന്മാർ ഉപയോഗിക്കുന്ന എകെ- 47, ഐ.എൻ.എസ്.എ.എസ് റൈഫിളുകൾക്ക് പകരം തദ്ദേശീയമായി നിർമിച്ച 7.62x 51 എംഎം റൈഫിളാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം സൈന്യം നിരസിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള ഓർഡിനൻസ് ഫാക്ടറി ബോർഡ് നിർമിച്ച ഈ റൈഫിൾ പ്രാഥമിക പരിശോധനയിൽ തന്നെ പരാജയപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.പുതിയ റൈഫിളിൽ കാര്യമായ പരിഷ്‌കാരങ്ങളും മാറ്റങ്ങളും വരുത്താനുണ്ടെന്നാണ് സൈന്യം പറയുന്നത്. തിര നിറയ്ക്കാൻ വളരെ സമയെടുക്കുന്നുണ്ടെന്നതാണ് പുതിയ തോക്കിന്റെ പ്രധാന ന്യൂനത.വെടിവെയ്ക്കുമ്പോൾ ഉണ്ടാവുന്ന തീപ്പൊരിയും ശബ്ദവും കുറയ്ക്കണം എന്നും സൈന്യം നിർദേശിച്ചിട്ടുണ്ട്. ഇത്രയേറെ ന്യൂനതകളുള്ള ഒരു തോക്കും വച്ച് അടിയന്തരസാഹചര്യങ്ങളെ നേരിടാൻ സാധിക്കില്ലെന്നും ഇത്തരം തോക്കുകൾ ഉപയോഗിക്കുന്നത് വലിയ സുരക്ഷാപ്രശ്നം സൃഷ്ടിക്കുമെന്നാണ് തോക്കുപയോഗിച്ച സൈനിക വിദഗ്ദ്ധരുടെ റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ വർഷവും തദ്ദേശ നിർമിതമായ മറ്റൊരു തോക്ക് സൈന്യം ഗുണമേന്മ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചിരുന്നു. എക്‌സ്‌കാലിബർ എന്ന റൈഫിളാണ് വേണ്ടത്ര പ്രഹരശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് സൈന്യം വേണ്ടെന്നു വച്ചത്.തദ്ദേശീയമായി നിർമിച്ച മികച്ച റൈഫിളുകൾ ലഭ്യമല്ലെങ്കിൽ സൈന്യത്തിന് പുറത്തുനിന്ന് ഇവ വാങ്ങേണ്ടിവരും. നിലവിൽ ഇന്ത്യ ആവശ്യമായ ആയുദ്ധങ്ങളുടെ 70 ശതാനവും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്.ഇതിനൊരു പരിഹാരം എന്ന നിലയിലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തി മോദി സർക്കാർ ആയുധങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ ആരംഭിച്ചത്.എകെ- 47, ഐഎൻഎസ്എഎസ് തുടങ്ങിയ വിദേശ നിർമ്മിത റൈഫിളുകൾക്ക് പകരം കൂടുതൽ പ്രഹര ശേഷിയുള്ള തോക്കുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിർത്തി മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം.