യൂബറില്‍ തിരുവനന്തപുരത്തും പീഡനശ്രമം; പരാതിക്കാരിയോട് ക്ഷമിക്കാന്‍ സന്ദേശമയച്ച് യൂബര്‍

0
85

യൂബര്‍ ടാക്‌സിയിലെ ഡ്രൈവര്‍ യാത്രക്കാരിയായ കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ മാസം ആദ്യം നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി യുവതിയുടെ പേരില്‍ കഴക്കൂട്ടം സൈബര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തുവന്നത്.

ജൂണ്‍ 13ന് രാത്രി എട്ടോടെ ആക്കുളത്തിനടുത്തുവച്ചാണ് സംഭവം. ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നിലെ സ്ഥാപനത്തില്‍ നിന്ന് രാത്രി 7.30ഓടെ ഇറങ്ങിയ യുവതി സ്ഥിരം ഓട്ടോ കിട്ടാത്തതിനാല്‍ താമസസ്ഥലമായ ജഗതിയിലേക്ക് പോകാന്‍ യൂബര്‍ ടാക്‌സി വിളിച്ചു. യാത്ര തുടങ്ങിയപ്പോള്‍ മാന്യമായി ഇടപെട്ട ഡ്രൈവര്‍ അല്‍പ്പ സമയത്തിനകം പരിചയപ്പെടാന്‍ ശ്രമമാരംഭിച്ചു. ഒഴിഞ്ഞ റോഡിലൂടെ പോകുന്നതിനിടെ ആക്കുളം ഭാഗത്തെത്തിയപ്പോള്‍ സ്വന്തം സീറ്റിന് പിന്നിലേക്ക് പിടിച്ചിരുന്ന ഇടതുകൈ ഉപയോഗിച്ച് യുവതിയുടെ കാല്‍പ്പാദത്തില്‍ കടന്നുപിടിച്ചു. യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് കാര്‍ പെട്രോള്‍ പമ്പിനടുത്തേക്ക് മാറ്റി നിര്‍ത്തുകയും യുവതി ഇറങ്ങുകയും ചെയ്തു. ഡ്രൈവര്‍ യാതൊരു വികാരവുമില്ലാതെ ക്ഷമ ചോദിച്ച് പോയി. സഹപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയാണ് യുവതി തിരികെ വീട്ടിലെത്തിയത്.

യൂബറില്‍ പരാതി അറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന സന്ദേശം മാത്രമാണ് ലഭിച്ചതെന്നും പറയുന്നു. പിന്നീടാണ് ജിവക്കാരുടെ സംഘടന ഇടപെട്ട് പരാതി നല്‍കിയത്. യൂബര്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്കെതിരേ പരക്കെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്തുനിന്നും പീഡനശ്രമമെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.