യോഗാ ദിനത്തില്‍ ശവാസനം നടത്തി പ്രതിഷേധിച്ച് കര്‍ഷകര്‍

0
91

അന്താരാഷ്ട്ര യോഗ ദിനത്തില്‍ ശവാസനത്തില്‍ കിടന്ന് കര്‍ഷകരുടെ പ്രതിഷേധം. മധ്യപ്രദേശിലെ കര്‍ഷകരാണ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നതുപോലെ ശവാസനത്തില്‍ കിടന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചത്. ശക്തമായ കര്‍ഷ പ്രതിഷേധം അരങ്ങേറുന്ന മധ്യപ്രദേശില്‍ കര്‍ഷകര്‍ക്കുനേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ അഞ്ചുപേര്‍ വെടിയേറ്റു മരിച്ചിരുന്നു. കര്‍ഷകര്‍ക്കൊപ്പം പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ശവാസനത്തില്‍ പങ്കെടുത്ത് പ്രതിഷേധിച്ചു. സംഘപരിവാര്‍ സംഘടനയായ ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഘ് ശവാസന പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത് കൗതുമായി.

കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെങ്കില്‍ അവര്‍ ശവത്തിന്റെ അവസ്ഥയിലെത്തുമെന്ന് കാണിക്കാനാണ് തങ്ങള്‍ ശവാസനം അഭ്യസിക്കുന്നതെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് അലോക് വര്‍മ വിശദീകരിച്ചു. രണ്ട് മാസം മുന്‍പ് കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളിയ ഉത്തര്‍പ്രദേശിലും നൂറു കണക്കിന് കര്‍ഷകര്‍ റോഡുകളും ഹൈവേകളും ഉപരോധിച്ചു കൊണ്ട് ശവാസനം അഭ്യസിച്ചു.

തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ശക്തമായ കര്‍ഷ പ്രക്ഷോഭം അരങ്ങേറുകയാണ്.