ലൈസൻസെടുക്കാതെ ഇനി പട്ടിയെ വളർത്താനാവില്ല

0
129

നായ്ക്കളെ വളർത്തുന്നതിൽ കർശന നിയന്ത്രണവുമായി തിരുവനന്തപുരം നഗരസഭ. നായയെ വളർത്തുന്നതിനും വിൽക്കുന്നതിനും ലൈസൻസ് നിർബന്ധമാക്കിക്കൊണ്ടാണ് പുതിയ നടപടി. നായയെ വളർത്തുന്നതിന് വർഷം തോറും 100 രൂപ രജിസ്‌ട്രേഷൻ ഫീസടച്ച് ലൈസൻസെടുക്കണം എന്നതാണ് പുതിയ മാറ്റം. ലൈസൻസില്ലാതെ നായയെ വളർത്താനാവില്ലെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചുകൊണ്ട് പറഞ്ഞു. മൂന്നുകോടി രൂപ ചെലവിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് അഞ്ച് ഡോക്ടർമാരെയും കൂടുതൽ പട്ടിപിടിത്തക്കാരെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്.

നായയെ വളർത്തി വിൽക്കുന്നവർക്കും ഇത് ബാധകമാണ്. അവർ വർഷം 500 രൂപയുടെ ലൈസൻസാണ് എടുക്കേണ്ടത്. നഗരത്തിലെ വളർത്തുനായകൾക്ക് തിരിച്ചറിയൽ കാർഡും പരിഗണനയിലുണ്ട്. തെരുവുനായകളെ നിയന്ത്രിക്കാനും നഗരസഭ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. തെരുവുനായകളെ പിടിച്ച് വന്ധ്യംകരിച്ച് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നതാണ് ഒരു പദ്ധതി. വന്ധ്യംകരണത്തിന് വിധേയരാകുന്ന നായകൾക്ക് പേവിഷബാധയ്‌ക്കെതിരായ കുത്തിവെപ്പും മൈക്രോ ചിപ്പും ഉറപ്പാക്കും. കഴുത്തിന് മുകളിൽ തൊലിക്കടിയിലായാണ് മൈക്രോ ചിപ്പ് ഘടിപ്പിക്കുക. 15 അക്ക തിരിച്ചറിയൽ നമ്ബർ ഈ മൈക്രോ ചിപ്പിലുണ്ടാകും. നഗരത്തിലെ എല്ലാ നായകളെയും തിരിച്ചറിയുന്നതിന് ഇത് സഹായകമാകും. ഇൻഫർമേഷൻ കേരള മിഷൻ രൂപകൽപന ചെയ്ത സോഫ്റ്റ്‌വെയർ ഉപയോഗിച്ചാവും ഈ ഡേറ്റബേസ് സൂക്ഷിക്കുക.

പേ വിഷബാധയ്‌ക്കെതിരായ കുത്തിവെപ്പ് എല്ലാവർഷവും നായകൾക്ക് നിർബന്ധമാക്കും. ഒരു തവണ കുത്തിവെപ്പെടുത്താൽ മൂന്നുവർഷത്തേക്ക് പ്രതിരോധശേഷി ലഭിക്കുമെങ്കിലും രണ്ടുവർഷത്തിനുള്ളിൽ കുത്തിവെപ്പ് നിർബന്ധിതമാക്കും. ഇതിലൂടെ, വന്ധ്യംകരിച്ചതും കുത്തിവെപ്പെടുത്തതുമായ നായകളെ കണ്ടെത്താനാവുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.