സെന്‍കുമാറും സര്‍ക്കാരുമായുള്ള പോര്: അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള ശുപാര്‍ശയും അയച്ചില്ല

0
110

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് കോടതി ഉത്തരവ് വാങ്ങിവന്ന ടി.പി.സെന്‍കുമാറിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിദ്വേഷം സര്‍വീസ് കാലാവധി അവസാനിക്കാന്‍ ദിവങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും തീരുന്നില്ല. കേസുകളില്‍ കുടുക്കി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് ആനുകൂല്യങ്ങള്‍ തടഞ്ഞു വയ്ക്കാന്‍ അന്തപ്പുര നാടകങ്ങള്‍ അരങ്ങേറുന്നതിനൊപ്പം കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമാക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം കേന്ദ്രത്തിനു കൈമാറാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്. സെന്‍കുമാറിനെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് ശുപാര്‍ശ ചെയ്തതിനെ തുടന്ന് ഈ മന്ത്രിസഭ രണ്ടുവട്ടം ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. പക്ഷേ കേന്ദ്രത്തിനു കൈമാറിയില്ല. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍നിന്നുമാണ് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി പോകേണ്ടത് എന്നതിനാല്‍ ഇപ്പോഴത്തെ വൈകലിനു പിന്നില്‍ ചീഫ് സെക്രട്ടറിക്ക് സെന്‍കുമാറിനോടുള്ള വിദ്വേഷവും ഉണ്ടെന്നുവേണം വിലയിരുത്താന്‍. മന്ത്രിസഭ തീരുമാനമെടുത്താല്‍ ചീഫ് സെക്രട്ടറി അതു പൊതുഭരണ വകുപ്പിനു കൈമാറും. അവിടത്തെ സി സെക്ഷന്‍ വഴിയാണ് ഇതു കേന്ദ്രസര്‍ക്കാരിലേക്ക് അയയ്ക്കുന്നത്. ഇതാണ് ഇതുവരെ നടക്കാതിരിക്കുന്നത്.

മന്ത്രിസഭാ തീരുമാനപ്രകാരം സെന്‍കുമാറിനുവേണ്ടിയുള്ള ശുപാര്‍ശ അയക്കാത്തത് എന്തെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും വ്യക്തമായ വിശദീകരണമില്ല. ഇതിനിടെ പോലീസ് ആസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ സെന്‍കുമാറിനോടു സര്‍ക്കാര്‍ മൂന്നു വിശദീകരണം തേടിയിരുന്നു. ഇവയില്‍ ലഭിച്ച വിശദീകരണം വിലയിരുത്തിയ ശേഷം തൃപ്തികരമല്ലെന്നു കാരണം പറഞ്ഞ് അന്വേഷണം പ്രഖ്യാപിക്കുകയും ഇതിലൂടെ സെന്‍കുമാറിനെ കുറച്ചുനാളെങ്കിലും പ്രശ്‌നത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.