സ്വാമിയുടെ ജനനേന്ദ്രിയം ച്ഛേദിച്ച സംഭവം: കാമുകന്‍ പിഡീപ്പിച്ചെന്ന് യുവതി

0
102

സ്വാമിയുടെ ജനനേന്ദ്രിയം ച്ഛേദിച്ച സംഭവത്തിന് വീണ്ടും ദുരഹത വര്‍ധിപ്പിച്ച് യുവതിയുടെ മൊഴി. തന്നെ സ്വാമി പീഡിപ്പിച്ചിട്ടില്ലെന്നു നേരത്തെ പറഞ്ഞ യുവതി, കാമുകനായ അയ്യപ്പദാസ് ആണ് തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്നും കൂടാതെ പണം തട്ടിയെടുത്തെന്നും ഇപ്പോള്‍ പറയുന്നു. പേട്ട പോലീസിനു നല്‍കിയ പുതിയ പരാതിയിലാണ് പെണ്‍കുട്ടി ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

പെണ്‍കുട്ടിയെ വീട്ടുകാരും ചില സംഘപരിവാര്‍ സംഘടനകളും സ്വാമി ഗംഗേശാനന്ദയുടെ ആളുകളും ചേര്‍ന്ന് തടങ്കലില്‍ വച്ചിരിക്കുകയാണെന്നു കാണിച്ച് അയ്യപ്പദാസ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ ദിവസം ഫയല്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് പെണ്‍കുട്ടി പുതിയ പരാതിയുമായി വന്നത്. എന്നാല്‍ താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സുഹൃത്തായ അയ്യപ്പദാസ് വ്യാജപ്രചാരണം നടത്തുന്നതായും പെണ്‍കുട്ടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനിടെ റിമാന്‍ഡില്‍ ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദയെയും യുവതി സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് സെല്ലില്‍ സന്ദര്‍ശിച്ച പെണ്‍കുട്ടി പൊട്ടിക്കരയുകയും സ്വാമി ആശ്വസിപ്പിക്കുകയും ചെയ്തു. അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ സന്ദര്‍ശനം.

ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഗംഗേശാനന്ദയ്ക്കു ജാമ്യം ലഭിച്ചാല്‍ ഉന്നതബന്ധങ്ങള്‍ പ്രയോജനപ്പെടുത്തി യുവതിയുടെ കുടുംബത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് പരിഗണിച്ച് ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ കോടതി തള്ളി.

കേസില്‍ യുവതിയെ ബ്രെയിന്‍മാപ്പിങ്ങിനും നുണപരിശോധനയ്ക്കും വിധേയയാക്കാന്‍ കോടതി അനുമതി നല്‍കി. ഇക്കാര്യത്തില്‍ നിലപാടറിയിക്കാനും യുവതിയോടു തിങ്കളാഴ്ച നേരിട്ടു ഹാജരാകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണു ബ്രെയിന്‍ മാപ്പിങ്ങിനും നുണപരിശോധനയ്ക്കും അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്. നുണപരിശോധന നടത്താന്‍ വ്യക്തിയുടെ സമ്മതവും അനിവാര്യമായതിനാലാണു നേരിട്ടു ഹാജരായി നിലപാടറിയിക്കാന്‍ യുവതിയോട് കോടതി ഉത്തരവിട്ടത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മറ്റൊരു ഏജന്‍സിയെകൊണ്ടും അന്വേഷണം നടത്തിക്കണം എന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടി നിരന്തരമായി മൊഴി മാറ്റുന്നത് പോലീസിന് ഈ അന്വേഷണത്തില്‍ ഏറ്റവും വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.