ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് : ശ്രീകാന്തും സായ് പ്രണീതും ക്വാർട്ടറിൽ

0
91

ഇന്ത്യൻ താരങ്ങളായ സായ് പ്രണീതും കിദംബി ശ്രീകാന്തും ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ. മികച്ച ഫോമിലുള്ള ശ്രീകാന്ത് ലോക ഒന്നാം നമ്ബർ താരം സൺ വാൻ ഹുവിനെ അട്ടിമറിച്ചാണ് ക്വാർട്ടറിലെത്തിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച ശ്രീകാന്ത് രണ്ടും മൂന്നും ഗെയിം അനായാസം സ്വന്തമാക്കി. സ്‌കോർ: 15-21, 21-13, 21-13.

14-ാം റാങ്കുകാരനായ സായ് പ്രണീത് ചൈനയുടെ ഹുവാങ് യുക്‌സിയാങ്ങിനെ തോൽപ്പിച്ചാണ് അവസാന എട്ടിലെത്തിയത്. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു മലയാളി താരത്തിന്റെ വിജയം. സ്‌കോർ: 21-15,18-21,21-13. അതേസമയം വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം ക്വാർട്ടർ കാണാതെ പുറത്തായി.

സീസണിൽ മികച്ച ഫോമിലുള്ള ശ്രീകാന്ത് കഴിഞ്ഞ ദിവസം ഇന്തോനേഷ്യൻ സൂപ്പർ സീരീസ് പ്രീമിയർ കിരീടം നേടിയിരുന്നു. അന്ന് സെമിഫൈനലിൽ സൺ വാൻ ഹുവിനെ പരാജയപ്പെടുത്തിയ ശ്രീകാന്ത് ഇത് തുടർച്ചയായ രണ്ടാം തവണയാണ് ലോക ഒന്നാം നമ്ബർ താരത്തെ അട്ടിമറിക്കുന്നത്. ഇന്തോനേഷ്യൻ സൂപ്പർ സീരീസ് പ്രീമിയർ വിജയത്തോടെ ലോകറാങ്കിങ്ങിൽ 11 സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീകാന്ത് 11-ാം റാങ്കിലെത്തുകയും ചെയ്തു. നേരത്തെ സായ് പ്രണീത് ഇന്തോനേഷ്യൻ സൂപ്പർ സീരീസ് പ്രീമിയറിന്റെ സെമിഫൈനലിലെത്തിയിരുന്നു.