കര്‍ഷക പ്രക്ഷോഭം അക്രമാസക്തമായി; പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു

0
63

മഹാരാഷ്ട്രയില്‍ വിമാനത്താവള നിര്‍മ്മാണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പോലീസുമായി ഏറ്റുമുട്ടിയ സമരക്കാര്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു.

പോലീസുകാരടക്കം ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. താനെ- ബദ്ലാപുര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു.

പുതിയ വിമാനാത്താവളം നിര്‍മിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട ഒരു വ്യോമതാവളം ഉള്‍പ്പെടുന്ന പ്രദേശത്തുള്ള കര്‍ഷകരെ ഒഴിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ കര്‍ഷകര്‍ സമരവുമായി രംഗത്തെത്തിയത്. തങ്ങള്‍ തലമുറകളായി കൃഷിചെയ്യുന്ന ഭൂമിയാണിതെന്നാണ് കര്‍ഷകരുടെ വാദം.

എന്നാലിത് പ്രതിരോധവകുപ്പിന്റെ ഭൂമിയാണിതെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ ഭൂമിയിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെന്നും അതിനാല്‍ കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.