കുംബ്ലെയില്ലാത്ത വിന്‍ഡീസ് പര്യടനം, കോഹ്ലിക്ക് വെല്ലുവിളികള്‍ ഏറെ

0
118

വെബ് ഡസ്ക്

ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അസ്വാരസ്യം രാജിയില്‍ അവസാനിച്ചപ്പോള്‍ ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ മുന്നിലുള്ളത് കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി.അനില്‍ കുംബ്ലെ എന്ന മാന്യനായ ക്രിക്കറ്റ് വ്യക്തിത്വത്തെ ഇന്ത്യന്‍ ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ ചരട് വലിച്ച കോഹ്ലിക്കെതിരെ  ഉയര്‍ന്നിരിക്കുന്ന എതിര്‍ ശബ്ദങ്ങളെ ഒതുക്കുക എന്ന വെല്ലുവിളിയാണ്   കോഹ്ലിക്ക് മുന്നില്‍ ഉള്ളത്. നായകന്‍ എന്ന നിലയില്‍ തുടരണം എങ്കില്‍ വിന്‍ഡീസ് പര്യടനത്തില്‍ കോച്ചില്ലാത്ത കുറവ് അറിയാതെ ടീമിനെ നയിക്കണം എന്ന സന്ദേശം ക്രിക്കറ്റ് ബോര്‍ഡും കോഹ്ലിക്ക് നല്‍കിക്കഴിഞ്ഞു.

സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങിയ ഉപദേശക സമിതിയുടെ പിന്തുണ ഉണ്ടായിരുന്നിട്ടും കുംബ്ലെയ്ക്ക് പുറത്തു പോകേണ്ടി വന്നത് തന്നെയാണ് കോഹ്ലി നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യന്‍  കോച്ച് എന്ന സ്ഥാനം ഏറ്റെടുക്കുമ്പോഴും ടീമിന്റെ വിജയങ്ങള്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിയായ കോച്ചിന്റെ അഭാവത്തിലാണ് ടീം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു പുറപെട്ടിരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ അവിടത്തെ സ്ലോ ട്രാക്കുകളില്‍ ഒരു ഇടര്‍ച്ച ഉണ്ടായാല്‍ അത് കോഹ്ലി എന്ന നായകന്‍റെ അന്ത്യം കൂടിയാകും. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോടേറ്റ തോല്‍വിയില്‍ നിന്ന് മുഖം രക്ഷിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പയില്‍ ജയിച്ചേ മതിയാകൂ. അതായത് അഞ്ച് ഏകദിനവും ഒരു ടി-ട്വന്റിയുമുള്ള മത്സരത്തില്‍ ഏകപക്ഷീയമായ ജയം. അല്ലാത്ത പക്ഷം ക്യാപ്റ്റന്‍ എന്ന നിലയില്‍ കോലിയുടെ നിലയും പരുങ്ങലിലാകുമെന്ന് ചുരുക്കം.കോച്ച് എന്ന സ്ഥാനത്തു നിന്നും കുംബ്ലൈയ്ക്ക് പുറത്തു പോകേണ്ടി വന്നത് കോലിയുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണെന്ന് പരസ്യമായ രഹസ്യമാണ്. ക്യാപ്റ്റനൊപ്പം ടീമിലെ ചില അംഗങ്ങളും ചേര്‍ന്നതോടുകൂടി രാജിയല്ലാതെ മറ്റൊരു മാര്‍ഗം അദ്ദേഹത്തിന്റെ മുന്നിലില്ലാതായി എന്നു വേണം പറയാന്‍.

ക്യത്യമായ കണിശതയോടു കൂടി ടീമിന്റെ വിജയത്തിനു വേണ്ടി വ്യക്തവും ക്യത്യവുമായി തീരുമാനങ്ങള്‍ എടുത്തയാളായിരുന്നു കുംബ്ലൈ. അവിടെ താരങ്ങളുടെ മൂല്യത്തേക്കാള്‍ അവരുടെ കഴിവുകള്‍ക്ക് അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കി. പരുക്കേറ്റു പുറത്താകുന്ന താരത്തിനു തിരികെ ടീമിലെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു ഫിറ്റ്‌നസ് തെളിയിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അത് എത്ര സീനിയര്‍ ആണെങ്കിലും അതില്‍ വിട്ടുവീഴ്ച പാടില്ലെന്ന കുംബ്ലെയുടെ നിലപാട് ടീമംഗങ്ങളില്‍ ചിലരെ ചൊടിപ്പിച്ചു. കായികക്ഷമതയില്ലെങ്കില്‍ ടീമില്‍ ഇടമില്ല എന്ന കുംബ്ലെ നയം പല താരങ്ങളുടെയും സ്ഥാനം തന്നെ പരുങ്ങലിലാക്കി.

ക്യാപ്റ്റനായിരുന്ന സമയത്ത് പഴയ താരങ്ങളെ ഔട്ടാക്കി പുതിയ ടീമിനെ ധോനി വാര്‍ത്തെടുത്തപ്പോള്‍ ധോണി കാണിച്ച കൂര്‍മ്മത കോലിക്കു പിന്‍തുടരാന്‍ സാധിച്ചില്ല എന്നു നിസംശയം പറയാം. അതിനുള്ള ഏറ്റവുമ വലിയ തെളിവാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ നാം കണ്ടത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഒന്നിനു പിറകെ ഒന്നായി തകര്‍ന്നു വീണപ്പോള്‍ ക്രീസില്‍ പിടിച്ചു നിന്ന ഹര്‍ദ്ദിക് പാണ്ടേക്ക് പിന്‍തുണ നല്‍കാനായി ശക്തനായ ഒരു കൂട്ടാളി ഉണ്ടായിരുന്നില്ല.മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ രഹാനയെ ഉള്‍പ്പെടുത്തണമെന്ന കുംബൈയുടെ ആവശ്യം ക്യാപ്റ്റന്‍ പരിഗണിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ പാകിസ്ഥാനു മുന്‍പിലുള്ള ഒരു ദയനീയ  തോല്‍വി ഇന്ത്യക്ക് ഒഴിവാക്കാമായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ ടീമില്‍ ഇടം നേടും എന്നതും രഹാനെ നായകനായാല്‍ കോഹ്ലിയെക്കാള്‍ മെച്ചപെട്ട നായകന്‍ ആയിരിക്കും എന്നുമുള്ള വിലയിരുത്തല്‍ ഉന്നതരില്‍ ചിലര്‍ക്ക് ഉണ്ട്..ഇത് തന്നെയാകും കോഹ്ലിയുടെ മുന്നില്‍ വെല്ലുവിളിയായി നില്‍ക്കുക.