കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കും: കടകംപള്ളി സുരേന്ദ്രന്‍

0
109

കൊച്ചി:  നേരത്തെ അംഗീകാരം ലഭിക്കുകയും പണം മാറ്റി വയ്ക്കുകയും ചെയ്ത  വിനോദസഞ്ചാരരംഗത്ത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എറണാകുളം ബോട്ടുജെട്ടിയില്‍ ടൂറിസം വകുപ്പും വിനോദസഞ്ചാരവകുപ്പിന്റെ ധനസഹായത്തോടെ ജില്ലാ ടൂറിസം കൗണ്‍സിലും പൂര്‍ത്തീകരിച്ച  കെഎസ്ആര്‍ടിസി ബസസ്റ്റാന്റ് നവീകരണപദ്ധതിയും ടേക്ക്-എ-ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരരംഗത്തെ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കും. സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കാനായി നിയമപരമായ പരിരക്ഷയോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുളള മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ബോട്ടുജെട്ടി പരിസരം അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം യാര്‍ഡ് എന്ന ആശയത്തില്‍ മികച്ച ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ ആക്കി മാറ്റുന്നതിനുള്ള പദ്ധതി ടൂറിസം വകുപ്പ് പരിഗണിക്കും. കൂടാതെ ഡിറ്റിപിസിയുടെ നേതൃത്വത്തില്‍ ബോട്ടുജെട്ടി പരിസരവും കുട്ടികളുടെ പാര്‍ക്കും നടപ്പാതയും നവീകരിക്കും. ജിസിഡിഎയുമായി ചര്‍ച്ച ചെയ്ത് മറൈന്‍ഡ്രൈവ് വാക്ക്‌വേ നവീകരിക്കും. കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള വിനോദസഞ്ചാരപദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് സ്റ്റാന്റ് നവീകരണപദധതിക്ക 1.25 കോടി രൂപയും ടേക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രത്തിനായി 46 ലക്ഷം രൂപയുമാണ് ടൂറിസം വകുപ്പ് അനുവദിച്ചത്. ലഘുഭക്ഷണശാല, ടോയ്‌ലറ്റ് , എടിഎം കൗണ്ടര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് വഴിയോര വിശ്രമകേന്ദ്രം.
ഹൈബി ഈഡന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.  നിലവില്‍ ടൂറിസം വകുപ്പിന്റെ സജിവ പരിഗണനയിലുള്ള കുട്ടികളുടെ പാര്‍ക്കിന്റെയും  ഡിറ്റിപിസിയുടെ റിക്രിയേഷന്‍ പോണ്ടും മ്യൂസിക്കല്‍ ഫൗണ്ടനും ഉള്‍പ്പെടെയുള്ളവ  നവീകരിക്കാനുള്ള അഞ്ചു കോടിയുടെ പദ്ധതി അനുമതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.
മേയര്‍ സൗമിനി ജെയിന്‍, പ്രൊഫ കെ വി തോമസ്എംപി, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുളള, കൗണ്‍സിലര്‍ കെവിപി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ഡിടിപിസി എംപാനല്‍ ചെയ്ത വിവിധ പാക്കേജുകളുടെ സേവനദാതാക്കള്‍ക്ക് അംഗീകൃത സേവനദാതാവ് എന്ന സാക്ഷ്യപത്രം ടൂറിസം വകുപ്പ് മന്ത്രി നല്കി. ഡിടിപിസി ഭരണസമിതിയംഗങ്ങളായ പി ആര്‍ റനീഷ്, എസ് സതീഷ്, പി എസ് പ്രകാശന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി ജി ശിവന്‍, ഡിറ്റിപിസി സെക്രട്ടറി എസ് വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.