കോവിന്ദ് നാളെ പത്രിക നൽകും

0
100

ന്യൂഡൽഹി: എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദ് നാളെ പത്രിക സമർപ്പിക്കും. ദേശീയ നേതാക്കളും ബിജെപി മുഖ്യമന്ത്രിമാരും പത്രികാസമർപ്പണത്തിനെത്തും.

എംപിമാരും എംഎൽഎമാരുമടക്കം വോട്ടവകാശമുള്ള 60 ജനപ്രതിനിധികൾ പേര് നിർദേശിക്കുകയും ജനപ്രതിനിധികൾ പിന്താങ്ങുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ, ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദൽ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ പേര് നിർദേശിക്കുന്ന നേതാക്കളിൽ ഉൾപ്പെടുന്നു. പാർലമെന്ററി കാര്യമന്ത്രി അനന്ത്കുമാർ, സഹമന്ത്രി മുക്താർ അബ്ബാസ് നഖ്വി എന്നിവരാണ് നാമനിർദേശപത്രികകൾ തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത്. നാല് സെറ്റ് പത്രികകൾ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കും.

കോവിന്ദിന് പിന്തുണ തേടി ബി.ജെ.പി. നേതൃത്വം വിവിധ കക്ഷി നേതാക്കളുമായുള്ള ചർച്ചകൾ തുടരുകയാണ്. ജെ.ഡി.എസ്. നേതാവ് എച്ച്.ഡി.ദേവഗൗഡ, ഡി.എം.കെ. നേതാവ് എം.കെ.സ്റ്റാലിൻ, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി, പി.എം.കെ. നേതാവ് ഡോ.അൻപുമണി രാമദാസ് തുടങ്ങിയവരെ ഫോണിൽ വിളിച്ച് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പിന്തുണയഭ്യർഥിച്ചു. പ്രതിപക്ഷ കക്ഷികളുടെയടക്കം പിന്തുണ നേടിയ കോവിന്ദ് വിജയം ഉറപ്പിച്ചു കഴിഞ്ഞു.