കർഷകന്‍റെ ആത്മഹത്യ: കരമടയ്ക്കാന്‍ വില്ലേജ് അസിസ്റ്റൻറ്‌ കൈക്കൂലി ആവശ്യപ്പെട്ടു ?

0
130

ഭൂനികുതി സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ച കർഷകനോട് വില്ലേജ് അസിസ്റ്റൻറ്‌ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കർഷകെൻറ ഭാര്യ മോളി. ഭൂനികുതി സ്വീകരിക്കണമെങ്കിൽ കൈക്കൂലി നൽകണമെന്ന് പറഞ്ഞു. മകളുടെ വിവാഹാവശ്യത്തിനായി ഭൂമി വിൽക്കാനാണ് ജോയ് ശ്രമിച്ചിരുന്നത്. എന്നാൽ വില്ലേജ് അധികൃതർ നികുതി സ്വീകരിക്കാത്തതിനാൽ വിൽപ്പനക്ക് സാധിച്ചില്ല. ഇതിന്റെ മനോവിഷമമാണ് മരണത്തിനിടയാക്കിയതെന്ന് ഭാര്യ പറഞ്ഞു.

മരണത്തിനുത്തരവാദികൾ റവന്യൂ ഉദ്യോഗസ്ഥരാണെന്ന് ജോയിയുടെ സഹോദരൻ ആരോപിച്ചു. 1955 മുതൽ കൈവശം വെച്ചനുഭവിക്കുന്ന ഭൂമിയാണ്. രണ്ടു വർഷം മുമ്പ് വരെ കരം സ്വീകരിച്ചിരുന്നു. രണ്ടു വർഷം മുമ്പ് ഭൂമി ഭാര്യയുടെ പേരിലേക്ക് മാറ്റിയിരുന്നു. അതിനു ശേഷം കരം സ്വീകരിക്കാൻ അധികൃതർ തയാറായില്ല. കൈയേറ്റഭൂമിയാെണന്നും മറ്റും ആരോപിച്ചു. എന്നാൽ സ്ഥലം ഒന്നു വന്നു നോക്കാൻ പോലും തയാറായില്ലെന്നും ജോയിയുടെ കുടുംബം ആരോപിച്ചു.

ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്. ഉദ്യോഗസ്ഥർക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നൽകിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നു- സഹോദരന്‍ ജോണി പറഞ്ഞു.രണ്ടു വർഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നിൽ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു ജോയി. വില്ലേജ് ഓഫീസിൽ കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് തഹസീൽദാർ ഇടപെടുകയും ഇയാളുടെ നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ചെമ്പനോട സ്വദേശി കാവിൽപുരയിടത്തിൽ ജോയി എന്ന തോമസിനെയാണ് ചെമ്പനോട വില്ലേജ് ഓഫിസിന്റെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെ നാട്ടുകാർ കണ്ടെത്തിയത്. കലക്ടറെത്താതെ മൃതദേഹം മാറ്റാൻ തയാറല്ലെന്ന നിലപാടിലാണ് നാട്ടുകാർ. ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്.  ജോയിയുടെ ഭാര്യ മോളിയുടെ കരച്ചിലാണ് ചക്കിട്ടപ്പാറയെ വേദനിപ്പിക്കുന്നത്. മൂന്ന് പെൺകുഞ്ഞുങ്ങളുമായി ഇനി എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല. കൈക്കൂലി നൽകാത്തതാണ് എന്റെ ഭർത്താവിന്റെ ജീവനെടുത്തത്. ഒന്നര വർഷമായി കരം അടയ്ക്കാൻ കയറി ഇറങ്ങിയിട്ടും അവർ സമ്മതിച്ചില്ല-ജോയിയുടെ ഭാര്യ പറയുന്നു. നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്യാനിടയാക്കിയ റവന്യൂ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു വ്യാഴാഴ്ച ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിൽ ഹർത്താലിനു കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. ഹർത്താൽ മേഖലയിൽ പൂർണ്ണമാണ്.അമ്ബിളി, അഞ്ചു, അമൽ എന്നിവരാണ് ജോയിയുടെ മക്കൾ.

അതിനിടെ നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പ്രതികരിച്ചു. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.