ദോഹ: പെരുന്നാള്‍, സ്കൂള്‍ അവധി തിരക്കും ഖത്തറിലെ പ്രത്യേക സാഹചര്യവും പരിഗണിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് അധിക വിമാനങ്ങള്‍ പറത്തും. ഈ മാസം 24, 25 തിയ്യതികളില്‍ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമാണ് കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് കൂടുതള്‍ ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്തിയതെന്ന് പ്രസിഡന്റ് കെ കെ ഉസ്്മാന്‍ പറഞ്ഞു. പെരുന്നാള്‍ അവധിക്കും മറ്റും നാട്ടില്‍ പോവുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഗപാക് അംബാസഡര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ വിഷയം ഇന്ത്യന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുകൂല നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അംബാസിഡര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേ സമയം, കോഴിക്കോട്ടേക്ക് അധിക സര്‍വീസ് ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല. കോഴിക്കോട്ടേക്ക് രണ്ടു ദിവസം മാത്രമേ സീറ്റ് ഫുള്‍ ആയിട്ടുള്ളു. സീറ്റ് ഫുള്‍ ആകുമെന്ന് ഉറപ്പില്ലാതെ അധിക സര്‍വീസ് ഏര്‍പ്പെടുത്താന്‍ ആവില്ലെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം, 2000 റിയാലിന് മുകളിലാണ് ഇപ്പോള്‍ കോഴിക്കോട് റൂട്ടിലേക്ക് എയര്‍ ഇന്ത്യ എക്സപ്രസ് വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നത്. നിരക്ക് ഇത്രയും കൂടുതലായാതിനാലാണ് ആളുകള്‍ നേരിട്ടുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യാന്‍ തയ്യാറാവാത്തത്. അധിക വിമാനം ഏര്‍പ്പെടുത്തും മുമ്പ് നിരക്ക് കുറയ്ക്കുന്ന കാര്യമാണ് പരിഗണിക്കേണ്ടിയിരുന്നതെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
നിരക്ക് കുറയ്ക്കുന്ന കാര്യമാണ് അംബാസിഡര്‍ക്ക് നല്കിയ നിവേദനത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നതെന്ന് ഉസ്്മാന്‍ പറഞ്ഞു. ഇപ്പോഴുള്ള കഴുത്തറുപ്പന്‍ നിരക്കിന്റെ ഭീകരത അംബാസിഡറെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍, നിരക്ക് കുറയ്ക്കാന്‍ വിമാന കമ്പനികള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്. യാത്രക്കാരുടെ പ്രയാസം മനസ്സിലാക്കി ഇന്ത്യന്‍ അംബാസിഡര്‍ അടിയന്തരമായി നടപടി സ്വീകരിച്ചത് വളരെ ശ്ലാഖനീയമാണെന്നും ഗപാക് പ്രസിഡന്റ് പറഞ്ഞു.
24നും 25നും സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് അധിക വിമാനങ്ങളുടെ ഷെഡ്യൂള്‍ ഇപ്രകാരമാണ്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 10ന് പുറപ്പെടുന്ന ഐ.എക്സ് 573 വിമാനം രാവിലെ 11.45ന് ഖത്തറിലെത്തും. ഉച്ചയ്ക്ക് ശേഷം 12.45ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന ഐ.എക്സ് 574 വിമാനം വൈകീട്ട് 7.40നാണ് കൊച്ചിയില്‍ എത്തുക. കൊച്ചിയില്‍ നിന്ന് 8.30ന് പുറപ്പെട്ട് 9.15ന് തിരുവനന്തപുരത്തെത്തും.