ജഗ് ജീവൻ റാമിൻറെ മകളെ എതിർക്കാൻ നിതീഷിന് ആകുമോ ?

0
156

വെബ് ഡസ്ക്

ബിഹാർ ഗവർണർ എന്ന നിലയിൽ നിഷ്പക്ഷ നിലപാട് പുലർത്തിയ രാംനാഥ് കോവിന്ദിനെ പിന്തുയ്ക്കാതെ ഇരിക്കാൻ ആകില്ല. എൻ.ഡി.എ സ്ഥാനാർഥിക്ക് അപ്രതീക്ഷിതമായി പിന്തുണ വാഗ്ദാനം ചെയ്യുമ്പോൾ പ്രതിപക്ഷ ഐക്യ സ്ഥാനാർത്ഥിക്കായി അതുവരെ മുറവിളി കൂട്ടിയ ജെ.ഡി.യു നേതാവ് നിതീഷ് കുമാർ കണ്ടെത്തിയ ന്യായീകരണം ഇതായിരുന്നു. അതേ ബിഹാറിൻറെ പുത്രിയായ മീരാ കുമാറിനെ പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാർഥി ആക്കുമ്പോൾ ഒരു ചോദ്യമാണ് ഉയരുന്നത്. ജഗ് ജീവൻ റാമിൻറെ മകളെ ബിഹാറിൻറെ മകളെ അവഗണിച്ച് നിതീഷിനു ഒരു തീരുമാനം എടുക്കാൻ ആകുമോ ?

ബിജെപി ദളിത് സ്ഥാനാർഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് അവതരിപ്പിച്ചപ്പോൾ മുതൽ കോണ്ഗ്രസ് നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷ കക്ഷികൾ നടത്തുന്ന ദളിത് പ്രതിപക്ഷ സ്ഥാനാർഥിക്കായുള്ള അന്വേഷണം ആണ് മീരാ കുമാരിൽ എത്തി നിൽക്കുന്നത്. ലോക്‌സഭയിൽ സ്പീക്കർ പദവി വഹിച്ച ആദ്യ വനിതയായ മീര കോൺഗ്രസിലെ പ്രധാന ദളിത് നേതാവ് കൂടിയാണ്. എന്ത് കൊണ്ടും രാംനാഥ് കോവിന്ദിനെ വെല്ലുവിളിക്കാൻ പാകത്തിനുള്ള പ്രൊഫൈൽ സ്വന്തമായുള്ള വനിത. ദളിത് വിഭാഗത്തിലെ പ്രമുഖ നേതാവും ജനതാ പാർട്ടി നേതാവും മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ജഗ് ജീവൻ റാമിൻറെ മകൾ..1971 ലെ ഇന്ത്യ പാക് യുദ്ധ കാലത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി ആയിരിക്കുകയും ബംഗ്ലാദേശ് സൃഷ്ടിക്ക് ജന്മം നൽകുകയും ചെയ്ത ഇന്ത്യൻ ദേശീയ വികാരത്തിൽ നെടുനായകത്വം വഹിച്ച ഒരച്ഛന്റെ മകൾ…ബീഹാറിലെ അരായിൽ ജനിച്ച രാംവിലാസ് പസ്വാനെയും മായാവതിയെയും മലർത്തിയടിച്ചു ഉത്തർപ്രദേശിൽ നിന്നും രാഷ്ട്രീയ കളരിയിലേക്ക് ചുവടു വെക്കുകയും പിന്നീട് തുടർച്ചയായി ഡൽഹിയിലെ കരോൾ ബാഗിൽ നിന്നും ലോക്‌സഭയിൽ എത്തുകയും ചെയ്ത മുൻ ഐ.എഫ്.എസുകാരി.പ്രതിപക്ഷ നിരയ്ക്ക് നിലവിലെ സാഹചര്യത്തിൽ ഇത്രയും പ്രൊഫൈൽ ഉള്ള മറ്റൊരു സ്ഥാനാർഥിയെ കിട്ടില്ല എന്ന് വ്യക്തം.

ദളിത് സ്ഥാനാർഥിയെ എതിർക്കില്ല എന്നും പ്രതിപക്ഷ സ്ഥാനാർഥി ദളിത് അല്ലെങ്കിൽ കോവിന്ദിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്നും പ്രഖ്യാപിച്ച ബി.എസ്.പിക്കും നിതീഷിനും ഒക്കെ ഇനി രണ്ടു വട്ടം ആലോചിക്കേണ്ടി വരും എന്നതാണ് ,മീരാ കുമാറിൻറെ സ്ഥാനാർഥിത്വം കൊണ്ട് പ്രതിപക്ഷം ഉണ്ടാക്കിയ നേട്ടം. നിതീഷിനോട് ചരിത്രപരമായ മണ്ടത്തരം നിറഞ്ഞ ഈ തീരുമാനം മാറ്റണം എന്ന് ആവശ്യപ്പെടുമെന്നും നാളെ ബിഹാര്‍ മുഖ്യനെ കാണുമെന്നും ലാലു പ്രസാദ് വ്യക്തമാക്കിക്കഴിഞ്ഞു. മറ്റൊരു സ്ഥാനാര്‍ഥിയെ എതിര്‍ക്കുന്ന ലാഘവത്തോടെ മീരയെ നിതീഷ് എതിര്‍ത്താല്‍ ചിലപ്പോള്‍ ബീഹാറിലെ മഹാ സഖ്യത്തില്‍ വരെ വിള്ളലുകള്‍ വന്നേക്കാം എന്ന സൂചന കൂടി ഉയരുന്നുണ്ട്.  കോൺഗ്രസ് പരിഗണിക്കാതെ പോയ ദളിത് എന്ന ലേബൽ മീരാ കുമാറിന് ചാർത്തിക്കൊടുക്കാൻ ഭരണപക്ഷത്തിന് ആകുകയും ഇല്ല. കേന്ദ്ര മന്ത്രിയും ലോക്‌സഭാ സ്പീക്കറും ഒക്കെ ആക്കിയ ഒരാളെ ഇതുവരെ പരിഗണിച്ചില്ലല്ലോ എന്ന് ബിജെപി ചോദിച്ചാൽ പോലും അത് ദുർബലം ആയിപോകും. മീരാ കുമാറിനെ കൂടാതെ മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെ, ബി.ആർ. അംബേദ്ക്കറുടെ ചെറുമകൻ പ്രകാശ് അംബേദ്ക്കർ എന്നിവരുടെ പേരുകളാണ് പ്രധാനമായും പ്രതിപക്ഷം പരിഗണിച്ചിരുന്നത്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദലിത് കാർഡ് ഇറക്കി വെല്ലുവിളിച്ച ബിജെപിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് മീരാ കുമാറിനെ സ്ഥാനാർഥിയാക്കിയതിലൂടെ പ്രതിപക്ഷത്തിന്റെ ശ്രമം. ദലിത് എന്നതിനു പുറമെ സ്ത്രീയെന്ന പരിഗണനയും മീരാ കുമാറിന് ലഭിക്കുമെന്ന് അവർ കരുതുന്നു.റാം നാഥ് കോവിന്ദിനെ സ്ഥാനാർഥിയാക്കിയതോടെ ശിവസേന ഉൾപ്പെടെ ഇടഞ്ഞുനിന്ന ഭരണകക്ഷികളും ജെഡി (യു) ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദലിത് വിഭാഗത്തിൽനിന്നു തന്നെയുള്ള നേതാവിനെ സ്ഥാനാർഥിയാക്കാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്.

പാർലമെന്റ് ഹൗസ് ലൈബ്രറിയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, ഡിഎംകെ പ്രതിനിധി കനിമൊഴി, നാഷനൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു. ജെഡിഎസ്, ആർഎസ്പി, ജെഎംഎം, കേരളാ കോൺഗ്രസ്, മുസ്ലിം ലീഗ്, എഐയുഡിഎഫ് എന്നീ പാർട്ടികളുടെ നേതാക്കളും യോഗത്തിനെത്തി. എൻഡിഎ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച ജെഡിയു യോഗത്തിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. ആർഎൽഡി നേതാവ് അജിത് സിങ് പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.അതേസമയം, മേയ് 26നു നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ബിഎസ്പി നേതാവ് മായാവതി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. അതേസമയം, ഇവരുടെ പ്രതിനിധികളായി തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ, എസ്പി നേതാവ് രാംഗോപാൽ യാദവ്, ബിഎസ്പിയുടെ സതീഷ് മിശ്ര എന്നിവർ യോഗത്തിനെത്തി.