ജനസംഖ്യാ പെരുപ്പം: ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ചൈനയെ പിന്തള്ളും

0
172

 

2024 ആകുമ്പോഴേക്കും ജനസംഖ്യയില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തിയേക്കുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2015 ലെ കണക്കുകൂട്ടല്‍ അനുസരിച്ച് 2022 ആകുമ്പോഴേക്കും ചൈനയെ മറികടക്കുമെന്നായിരുന്നു സൂചന. എന്നാല്‍ നിലവിലുള്ള ജനസംഖ്യ വര്‍ധനവ് കണക്കിലെടുക്കുമ്പോള്‍ അത് രണ്ട് വര്‍ഷം കൂടി വൈകിയേക്കാം.

ഇപ്പോഴത്തെ റിപ്പോര്‍ട്ടനുസരിച്ച് ചൈനയുടെ ജനസംഖ്യ 141 കോടിയും ഇന്ത്യയുടേത് 134 കോടിയുമാണ്. ജനസംഖ്യ വര്‍ദ്ധനവ് 2030 ഓടുകൂടി 150 കോടിയിലെത്തുമെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ, ചൈന, പാക്കിസ്താന്‍, അമേരിക്ക എന്നിങ്ങനെ ഒമ്പത് രാജ്യങ്ങളായിരിക്കും ജനസംഖ്യാവര്‍ധനവില്‍ മുഖ്യസംഭാവന നല്‍കുന്നത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക ജനസംഖ്യാ സര്‍വേയിലെ കണ്ടെത്തലാണ് ഇത് പറയുന്നത്.

യു. എന്‍ പ്രവചനത്തില്‍ 2023 ഓടുകൂടെ ലോകജനസംഖ്യ 800 കോടിയില്‍ എത്തിച്ചേര്‍ന്നേക്കും. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 100 കോടി കവിയുന്ന സാഹചര്യത്തില്‍ ആണുങ്ങളുടെ എണ്ണമായിരിക്കും കൂടുക.

2030 ആകുമ്പോള്‍ ജനസംഖ്യ 860 കോടിയും, 2050 ല്‍ 980 കോടിയും, 2100 ല്‍ 1120 കോടിയും ജനസംഖ്യവര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. അതായത് പ്രതിവര്‍ഷം 84 ലക്ഷം വര്‍ദ്ധനവാണ് ലോകജനസംഖ്യയില്‍ ഉണ്ടാകുക.

ജനനനിരക്കില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് നൈജീരിയയാണ്. 2050 ഓടുകൂടി ആഫ്രിക്കയിലെ തെക്കന്‍ സഹാറ പ്രദേശങ്ങളില്‍ നിന്നാകും ജനസംഖ്യാവര്‍ധനവിന്റെ പകുതിയും ഉണ്ടാകുക. ലോകത്ത് മനുഷ്യന്റെ പ്രത്യുത്പാദന നിരക്ക് ഏറ്റവും കൂടുതലുള്ളത് ഈ പ്രദേശങ്ങളിലാണ്.