ജോയിമാരും സാംകുട്ടിമാരും ഉണ്ടാകുന്നതെങ്ങിനെ?

0
2161

സാത്യകി നന്ദഗോപാൽ

കേരളത്തിന്റെ സ്വപ്‌നം സാക്ഷാത്കരിച്ചുകൊണ്ട് കൊച്ചിയിൽ മെട്രോ ഓടിത്തുടങ്ങി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിലെ തന്നെ വലിയ പോർട്ടുകളിലൊന്നായ വിഴിഞ്ഞം സമീപഭാവിയിൽ യാഥാർത്ഥ്യമാകും. ഹൈവേകളെല്ലാം കൂടുതൽ വീതിയും വിസ്തൃതിയും നേടി അടുത്തുതന്നെ കേരളത്തിന്റെ തെക്ക് നിന്നു വടക്കോട്ടേക്കുള്ള യാത്രാസമയം ചുരുക്കും. സബർബൻ റെയിൽവേയും തലശ്ശേരി-നഞ്ചൻഗോഡ് റയിൽവേ ലൈൻ യഥാർത്ഥ്യമാകുന്നതോടെ കേരളത്തിനും കർണാടകത്തിനുമിടയിലെ ദൂരം കുറയും. ഏരുമേലിയിൽ വരാനിരിക്കുന്ന വിമാനത്താവളവും കോഴിക്കോട്ടും തിരുവനന്തപുരത്തും നിർമിക്കാൻ ഉദ്ദേശിക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളും വേറെ. അങ്ങിനെ കേരളം വികസനത്തിലേക്കുള്ള കുതിച്ചുചാട്ടം ആരംഭിച്ചുകഴിഞ്ഞു. പക്ഷെ, എവിടെയോ ഒരു പന്തികേട്. വികസനം ആർക്കു വേണ്ടിയാണു്? വികസനം എന്ന വാക്കിന്റെ അർത്ഥം വീതിയുള്ള റോഡുകളെന്നും വിമാനത്താവളങ്ങളെന്നും മെട്രോ യാത്രാ സൗകര്യമെന്നും വമ്പൻ തുറമുഖമെന്നുമൊക്കെ മാത്രമാണോ? ഇതാണോ കേരളം ലോകത്തിനു മുന്നിൽ വച്ച വിശിഷ്ട ‘വികസന മാതൃക’? ഈ ചോദ്യങ്ങളെല്ലാം ഉയരുന്നത് ഒരു ചെറിയ (വലിയ) സംഭവത്തിൽ നിന്നാണു്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ തയ്യാറാകാത്തതിലുള്ള മനപ്രയാസത്തിൽ കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കാട്ടിക്കുളം കാവിൽ പുരയിടത്തിൽ ജോയി എന്ന 57 വയസുകാരനായ കർഷകൻ വില്ലേജ് ഓഫീസിൽ തൂങ്ങിമരിച്ചതിന്റെ ആസ്പദമാക്കി. കേരളം നേടുന്ന വികസനം പാവം മനുഷ്യർക്ക് ഉതകുന്നതാണൊ എന്ന വലിയ ചോദ്യമുയർത്തിക്കൊണ്ടാണു് ജോയി എന്ന മനുഷ്യൻ തന്റെ ജീവൻ ഉദ്യോഗസ്ഥ ദുഷ്പ്രമാണിത്തത്തിനു് ബലിയർപ്പിച്ചിരിക്കുന്നത്.

ജോയി തൂങ്ങി മരിച്ച വില്ലേജ് ഓഫീസ് …. ഇന്സൈറ്റില്‍ ജോയി

ബുധനാഴ്ച്ച രാത്രി 9.30നാണു് ജോയി ചെമ്പോനത്താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശത്തിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ലെന്നു് ആരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുന്നിൽ നേരത്തേ നിരാഹാരസമരം നടത്തിയിരുന്നു. ഇതേ തുടർന്നു് കൊയിലാണ്ടി തഹസിൽദാർ ഇടപെടുകയും ഒരു തവണ നികുതി സ്വീകരിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഒന്നരവർഷത്തോളമായി വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കുന്നില്ലെന്നായിരുന്നു ജോയിയുടെ പരാതി. ജോയിയുടെ ബന്ധുക്കൾ പറയുന്നത് ജോയി നികുതി അടക്കാൻ ഓരോ തവണ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴും അദ്ദേഹത്തെ ഓരോ കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കിയയക്കുകയായിരുന്നു എന്നാണു്. ജോയി ആത്മഹത്യ ചെയ്തതിനെ തുടർന്നു് കോഴിക്കോട് ജില്ലാ കളക്ടർ ജോയിയുടെ നികുതി ഉടൻ സ്വീകരിക്കുമെന്നു് പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി സർക്കാരും വലിയ ആത്മവിമർശനവും സർക്കാർ ജീവനക്കാർക്കുള്ള ഉപദേശങ്ങളുമൊക്കെയായി രംഗത്ത് വരും. കുറച്ച് ദിവസത്തേക്ക് ടിവി ചാനലുകൾ വിഷയം ചർച്ചയാക്കും. ചിലപ്പോൾ ‘അഴിമതിയുടെ കൂത്തരങ്ങാവുന്ന സർക്കാർ ഓഫീസുകൾ’ എന്ന പേരിൽ ഒരു പരമ്പര തന്നെയും ഏതെങ്കിലും ചാനൽ ആരംഭിച്ചേക്കാം. സർക്കാർ വക അന്വേഷണം, വിജിലൻസ് കേസ് തുടങ്ങി നാടകങ്ങൾ പലതും അരങ്ങേറും. മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരെ നിശ്ചയമായും ശാസിക്കും. പിന്നെ എല്ലാം കെട്ടടങ്ങും. ജോയി വെറുമൊരു ഓർമയാകും. 2016 ഏപ്രിൽ അവസാനവാരത്തിൽ തിരുവനന്തപുരത്തെ വെള്ളറട വില്ലേജ് ഓഫീസിനു് അമ്പത്തഞ്ചുകാരനായ സാംകുട്ടി എന്ന മനുഷ്യൻ പെട്രോളൊഴിച്ച് തീയിടാനൊരുങ്ങിയപ്പോൾ നാമിതൊക്കെ കണ്ടതാണു്. തന്റെ കൈവശമുള്ള 18 സെന്റ് ഭൂമിയിലുള്ള തന്റെ ഉടമസ്ഥത ഔദ്യോഗികമായി സ്ഥിരീകരിച്ചുകിട്ടാൻ വർഷങ്ങളോളം വില്ലേജ് ഓഫീസിന്റെ പടി കയറിയിറങ്ങി മടുത്തപ്പോഴാണു് സാംകുട്ടി പെട്രോളൊഴിച്ച് തീയിട്ടത്. അന്നത് വലിയ വാർത്തയായിരുന്നു. വലിയ ചർച്ചാവിഷയവും. പക്ഷെ, വെള്ളറടയിൽ സംഭവിച്ചതിൽ നിന്നു് ആരും ഒന്നും പഠിച്ചില്ലെന്നു മാത്രം. അല്ലെങ്കിൽ ജോയിക്ക് വില്ലേജ് ഓഫീസിലെത്തി തന്റെ ജീവനൊടുക്കേണ്ടി വരില്ലായിരുന്നുവല്ലോ?

വെള്ളറട വില്ലേജ് ഓഫീസ് തീയിട്ട കേസില്‍ സാം കുട്ടിയെ പോലീസ് ചോദ്യം ചെയ്യുന്നു.

സാംകുട്ടിയുടെ സാഹസത്തിനു മുൻപും പിൻപും കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ ചർച്ച ഉത്തരവാദിത്തമുള്ള (റെസ്‌പോൺസിബിൾ) സിവിൽ സർവീസ് എന്ന വിഷയത്തെ കുറിച്ചായിരുന്നു. അതിനായി ഒരു സംഘടന കാസര്‍ഗോഡ് മുതൽ കളിയിക്കാവിള വരെ ജാഥ വരെ നടത്തിയിട്ടുമുണ്ട്. എല്ലാ വർഷവും സിവിൽ സർവീസ് രംഗത്തെ സംഘടനകളുടെ വാർഷിക പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയനേതാക്കളുമെല്ലാം സർക്കാർ ജീവനക്കാരോട് ജനങ്ങളുടെ മിത്രങ്ങളാകണമെന്നു് ഉപദേശിക്കാറുമുണ്ട്. കിം പ്രയോജനം? ഭാരിച്ച ശമ്പളം വാങ്ങിക്കൂട്ടുമ്പോഴും സർക്കാർ ജീവനക്കാരിൽ ഭൂരിപക്ഷത്തിന്റെയും (മുൻപ് അങ്ങിനെ പറയാനാവില്ലായിരുന്നു. ഇന്നങ്ങിനെയല്ലാതെ പറയാനാവുന്നില്ല!) കണ്ണ് മുന്നിൽ വന്നു നില്ക്കുന്നവന്റെ പോക്കറ്റിലാണു്. ഒന്നുകിൽ കയ്യൂക്ക് അല്ലെങ്കിൽ പണക്കൊഴുപ്പ്–ഈ രണ്ട് ഭാഷകൾ മാത്രമേ സർക്കാർ ജീവ്‌നക്കാർക്ക് മനസിലാകുകയുള്ളൂ എന്നായിരിക്കുന്നു. അപ്പോൾ പിന്നെ ജനസേവനം തുടങ്ങിയ പഴഞ്ചൻ കാര്യങ്ങൾ അവരുടെ ചെവിയിലോതിയിട്ടെന്ത് കാര്യം? കേരളത്തിൽ സാംകുട്ടിമാർ ഉണ്ടാകുന്നതെങ്ങിനെ എന്നത് ഒരു പഠനവിഷയം പോലുമാക്കേണ്ടാത്ത തരത്തിൽ ജനങ്ങൾക്ക് മന:പാഠമാണു്. കൈക്കൂലി കൊടുത്താൽ മാത്രമേ കാര്യം നടക്കൂ എന്ന തിരിച്ചറിവിലാണു് എല്ലാവരും ജീവിക്കുന്നത്. അങ്ങിനെ കൊടുക്കാൻ പാങ്ങുള്ള ഗൾഫ്-അമേരിക്കൻ-യൂറോപ്യൻ മലയാളിയും എസ്റ്റേറ്റ് മുതളാളിയും എത്രവേണമെങ്കിലും ഉള്ളപ്പോൾ വില്ലേജ് ഉദ്യോഗസ്ഥർ എന്തിനു് പാവപ്പെട്ടവരെക്കുറിച്ചോർത്ത് വിഷമിക്കണം? ഇവർക്കൊക്കെ ചൂട്ടുപിടിക്കാൻ സദാ സന്നദ്ധരായി നില്ക്കുന്ന രാഷ്ട്രീയനേതാക്കൾ കൂടെയാകുമ്പോൾ അവർക്ക് ആരെ പേടിക്കണം? തങ്ങളുടെ ദു:ഖങ്ങൾ ഉള്ളിൽ കടിച്ചമർത്തി, തങ്ങളുടെ രാഷ്ട്രീയ ആന്ധ്യം മാത്രം കൊണ്ട് അഞ്ചുവർഷം കൂടുമ്പോൾ ഒരു അഴിമതിക്കാരനല്ലെങ്കിൽ മറ്റൊരു അഴിമതിക്കാരനെ തെരഞ്ഞെടുക്കുന്ന ജനത്തിനു് ചോദ്യങ്ങൾ ചോദിക്കാൻ എന്തവകാശം? ഇതാണു് സാർ പുതിയ ‘കേരള വികസന മാതൃക’! വേണമെങ്കിൽ എടുക്കാം. അല്ലെങ്കിൽ വെറുതെ സമയം കളയാതെ പോയി നിങ്ങളുടെ പഞ്ചായത്തിന്റെയോ വില്ലേജ് ഓഫീസിന്റെയോ ഉത്തരത്തിനും കഴുക്കോലിനും എന്ത് ബലമുണ്ടെന്ന് നോക്കൂ മിഷ്ടർ!

സാംകുട്ടി തീയിട്ട വെള്ളറട വില്ലേജ് ഓഫീസ്