ടോയ്‌ലറ്റ് മ്യൂസിയം എന്താണെന്ന് അറിയണ്ടേ?

0
123

ന്യൂഡൽഹി: ടോയ്‌ലറ്റ് മ്യൂസിയം എന്ന് നിങ്ങളിലാരെങ്കിലും കേട്ടിട്ടുണ്ടോ എന്നാല്‍ അത് പലര്‍ക്കും ഒരു അതിശയം തന്നെയായിരിക്കും ആദ്യം സമ്മാനിക്കുക. എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ട്. തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് ഈ വ്യത്യസ്തമായ മ്യൂസിയം ഇപ്പോഴുള്ളത്. ടോയ്‌ലറ്റുകളുടെ പരിണാമമാണ് ഈ മ്യൂസിയത്തിന്‍റെ വിഷയം. ഇന്ത്യയുടെ അപൂര്‍വ മ്യൂസിയങ്ങളില്‍ ഒന്നും ലോകത്തിലെ എറ്റവും വിചിത്രമായ മ്യൂസിയങ്ങളില്‍ ഒന്ന് കൂടിയുമാണ് ഇത്.

ഡല്‍ഹിയിലെ സുലഭ് ഇന്‍റര്‍നാഷണല്‍ മ്യൂസിയം ഓഫ് ടോയ്‌ലറ്റ് എന്നാണ് ഈ അതിശയിപ്പിക്കുന്ന മ്യൂസിയം അറിയപ്പെടുന്നത്. വിവിധ കാലങ്ങളിലായി ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള ടോയ്‌ലറ്റ് രൂപങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. ജനങ്ങളില്‍ക്കിടയില്‍ ടോയ്‌ലറ്റ് ഉപയോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി ശുചിത്വമുള്ള മെച്ചപ്പെട്ട ജീവിതച്ചുറ്റുപാടുകള്‍ ഒരുക്കുന്നതിനായി പ്രവര്‍ക്കുന്ന സ്ഥാപനമാണ് ഈ മ്യൂസിയം.

ഡോക്ടര്‍ ബിന്ദേശ്വര്‍ പഥക് ആണ് ഈ മ്യൂസിയത്തിന്‍റെ സ്ഥാപകൻ. 3000 ബി സി വരെ പഴക്കമുള്ള പ്രദര്‍ശനവസ്തുക്കള്‍ ഇവിടെ കാണാൻ സാധിക്കും. ആദ്യകാല മൂത്രപാത്രങ്ങള്‍ , റോമന്‍ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണവും വെള്ളികൊണ്ടും ഉണ്ടാക്കിയ ടോയ്‌ലറ്റുകള്‍ , അലങ്കൃതമായ വിക്ടോറിയന്‍ ടോയിലറ്റ് സീറ്റുകള്‍ തുടങ്ങിയവയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണങ്ങള്‍.

രാവിലെ 10.30 മുതല്‍ വൈകീട്ട് 5.30 വരെയാണ് ഇവിടുത്തെ പ്രദര്‍ശനസമയം. ഇവിടെ പ്രവേശനം സൗജന്യമാണ്.