തച്ചങ്കരിയെ പോലീസിലെ സുപ്രധാന പദവിയില്‍ നിയമിച്ചതെന്തിനെന്ന് ഹൈക്കോടതി

0
100

പോലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയില്‍ ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം. കൂടാതെ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതില്‍ ഹൈക്കോടതി് അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് വകുപ്പ് തല നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും, കേസ് വിവരങ്ങളും, കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇത് വൈകിപ്പിച്ച സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

ഡിജിപി ടി.പി.സെന്‍കുമാറിന്റെ കാലാവധി കഴിയുന്നത് വരെ കേസില്‍ സത്യവാങ്മൂലം വൈകിപ്പിക്കാനാണോ സര്‍ക്കാര്‍ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ പരാമര്‍ശം.

രാമങ്കരി സ്വദേശി ജോസ് തോമസാണ് തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് ചോദ്യം ചെയ്ത് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് സര്‍ക്കാര്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത്.

ഇത് വ്യാപക വിമര്‍ശനങ്ങള്‍ വഴിവെച്ചിരുന്നു. ആരോപണങ്ങളില്‍ മുങ്ങിയ തച്ചങ്കരിയെ ഉന്നത സ്ഥാനത്ത് നിയോഗിച്ചതിനെതിരേ പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. കൂടാതെ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.