പബ്ലിക് സര്‍വീസ് കമ്മിഷന് തൊഴില്‍രഹിതരായ യുവാക്കളുടെ തുല്യാവസരം ഉറപ്പാക്കാനുള്ള ചുമതലയുണ്ടെന്ന് ഹൈക്കോടതി. ജില്ലകളെ പ്രതിനിധീകരിച്ച് 14 ഉദ്യോഗാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ഏറെ പരിശ്രമിച്ച് പട്ടികയില്‍ സ്ഥാനം നേടിയവരോട് നീതികാട്ടണം. ഏറെയാളുകള്‍ വിശ്വാസമര്‍പ്പിക്കുന്ന പി.എസ്.സിയില്‍ യുവാക്കളുടെ തുല്യഅവസരത്തിനുള്ള അവകാശം സംരക്ഷിക്കേണ്ടതുണ്ടെന്നും, സ്വേച്ഛാപരമായി തീരുമാനമെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൂടാതെ 2016 ഡിസംബര്‍ 30-ന് പി.എസ്.സി. റദ്ദാക്കിയ കെ.എസ്.ഇ.ബി. മസ്ദൂര്‍ റാങ്ക് പട്ടികയുടെ കാലാവധി ആറു മാസത്തേക്കുകൂടി കോടതി നീട്ടി നല്‍കിയിട്ടുണ്ട്. 14 ജില്ലകളുടെയും റാങ്ക്പട്ടികകള്‍ക്ക് 2017 ജൂണ്‍ 30 വരെ കാലാവധി അനുവദിക്കുന്നതാണ് വിധി. ഇതോടൊപ്പം കേരള വാട്ടര്‍ അതോറിട്ടിയിലെ മീറ്റര്‍ റീഡര്‍ റാങ്ക്പട്ടികയ്ക്കും ആറുമാസത്തെ അധിക കാലാവധി അനുവദിച്ച് ഉത്തരവായിട്ടുണ്ട്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം പി.എസ്.സി. യോഗം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും.
കാലാവധി നീട്ടാത്തതും 2017 മാര്‍ച്ച് 31-ന് കാലാവധി തീരുന്നതുമായ പട്ടികകള്‍ 2017 ജൂണ്‍ 30 വരെ നീട്ടാന്‍ സര്‍ക്കാര്‍ പി.എസ്.സിക്ക് ശുപാര്‍ശനല്‍കിയിരുന്നു. പി.എസ്.സി. അതുപരിഗണിച്ച് വൈദ്യുതി ബോര്‍ഡിലെ മസ്ദൂര്‍ പട്ടികകളെ ഒഴിവാക്കി മറ്റുള്ളവയുടെ കാലാവധി നീട്ടി. അത് വിവേചനമാണെന്നുകാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.