നഴ്‌സുമാരുടെ സമരം പിന്‍വലിച്ചില്ലെന്ന് പത്രക്കുറിപ്പ്

0
97

തിരുവനന്തപുരം: തൃശൂരിലെ എട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ ഇല്ലെന്നറിയിച്ച് നഴ്‌സുമാരുടെ സംഘടനയായ യു.എന്‍.എയുടെ വാര്‍ത്താക്കുറിപ്പ്.

സമരം പിന്‍വലിച്ചിട്ടില്ലെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ അറിയിച്ചു. മന്ത്രിതല ചര്‍ച്ചയില്‍ മിനിമം വേജസ് സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. 27ലെ ഐ.ആര്‍.സി തീരുമാനം വരുന്നതുവരെ യു.എന്‍.എ ആവശ്യപ്പെട്ട 50 ശതമാനം നല്‍കുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്നതാണ് പ്രഖ്യാപിത നയം.

ജില്ലയിലെ ഏതാനും ആശുപത്രികള്‍ താല്‍കാലിക ഇടക്കാലാശ്വാസം നല്‍കാമെന്ന് സമ്മതിച്ചു. ഇതിന്റെ വെളിച്ചത്തില്‍ യോഗത്തില്‍ പങ്കെടുത്ത യു.എന്‍.എ നേതാക്കള്‍ ഇത്തരം ആശുപത്രികളിലെ സമരം അവസാനിപ്പിക്കുമെന്ന് മാധ്യമങ്ങളോടും അറിയിച്ചു. എന്നാല്‍ സമരം പാടേ പിന്‍വലിച്ചു എന്ന ധ്വനിയാണ് പിന്നീടുണ്ടായത്. ഇത് അടിസ്ഥാന രഹിതമാണ്. 27 ലെ ചര്‍ച്ചയില്‍ മിനിമം വേതനം സംബന്ധിച്ച് തീരുമാനമായില്ലെങ്കില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്ന് യു.എന്‍.എ സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.