പഞ്ചാബ് നിയമസഭയിൽ നിന്ന് എംഎൽഎമാരെ വലിച്ചിഴച്ച് പുറത്താക്കി

0
100

പഞ്ചാബിൽ ആംആദ്മി പാർട്ടിയുടെ എംഎൽഎയെ നിയമസഭയിൽ നിന്ന് സുരക്ഷാഉദ്യോഗസ്ഥർ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത് സംഘർഷത്തിന് ഇടയാക്കി. സ്പീക്കർ റാണ സിങ്ങിന്റെ ഉത്തരവിനെ തുടർന്ന് പുറത്താക്കപ്പെട്ട എംഎൽഎമാരിൽ, ഒരാൾ ബോധരഹിതനാകുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ ഒരാൾ പ്രതിപക്ഷ സഖ്യമായ ലോക് ഇൻസാഫ് പാർട്ടിയുടെ എംഎൽഎയാണ്.

കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി, കോൺഗ്രസ് സർക്കാരിന് എതിരെ ആരോപണങ്ങളുമായി സഭയുടെ നടുത്തളത്തിലേക്ക് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങുകയായിരുന്നു. സ്പീക്കറിന്റെ ഉത്തരവിനെ തുടർന്ന് ഇവരെ പുറത്താക്കി. പുറത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുമായി എംഎൽഎമാർ ഏറ്റുമുട്ടുകയും ചെയ്തു.

ബജറ്റ് സെഷൻ അവസാനിക്കുന്നവരെ എഎപി ചീഫ് വിപ്പ് സുഖ്പാൽ ഖയ്റ, എൽഐപി എംഎൽഎ സിമർജീത് സിങ് എന്നിവരെ സസ്പെൻഡ് ചെയ്തതായും സ്പീക്കർ അറിയിച്ചു. സംഭവത്തെ തുടർന്ന് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ച് അകാലിദൾ എംഎൽഎമാർ സഭ ബഹിഷ്‌ക്കരിച്ചു.