പാക് വിജയം ആഘോഷിച്ച കേസ്; രാജ്യദ്രോഹ കുറ്റം പിന്‍വലിച്ചു

0
91

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താന്റെ വിജയം ആഘോഷിച്ചവര്‍ക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം മധ്യപ്രദേശ് പോലീസ് പിന്‍വലിച്ചു. വിജയം ആഘോഷിച്ച 15 പേരെയാണ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തത്.

രാജ്യദ്രോഹ കുറ്റം പിന്‍വലിച്ച് യുവാക്കള്‍ക്കെതിരെ സാമുദായിക സൗഹാര്‍ദ്ദത്തിന് തടസ്സം സൃഷ്ടിച്ചതിന് കേസെടുത്തു. ഐപിസി 153എ പ്രകാരമാണ് കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന കാരണത്താലാണ് 153എ പ്രകാരം കേസെടുത്തതെന്ന് ബുര്‍ഹാന്‍പുര്‍ പോലീസ് വ്യക്തമാക്കി.

ഇതില്‍ ഒരാള്‍ പോലും മുമ്പ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവാത്തതും കേസ് പിന്‍വലിക്കാന്‍ കാരണമായെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ചുമത്തിയ ഗൂഡാലോചന കുറ്റം നിലനില്‍ക്കും.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ മൊഹാദില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ 180 റണ്ണിന് പരാജയപ്പെടുത്തിയ സാഹചര്യത്തിലാണ് ചിലര്‍ പാകിസ്താന് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ ഒരാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് 15 പേര്‍ക്കെതിരെ കുറ്റകരമായ ഗൂഡാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഷാഹ്പുര്‍ പോലീസ് കേസെടുക്കുകയായിരുന്നു.