പിന്നിൽ നിന്നും പൊരുതിക്കയറി മെക്‌സിക്കോ

0
114


ആദ്യപകുതിയിൽ എതിർ വല നിറച്ച് അട്ടിമറി സാധ്യത ഉയർത്തിയ ന്യൂസീലൻഡിനെ രണ്ടു സെക്കന്ഡ് ഹാഫ് ഗോളുകളിലൂടെ മറികടന്ന് മെക്‌സിക്കോ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ച മെക്‌സിക്കോയ്ക്കും പോർചുഗലിനും നാല് പോയിന്റ് വീതവും റഷ്യക്ക് മൂന്നു പോയിൻറും ഗ്രൂപ്പ് എയിൽ ഉള്ളപ്പോൾ ന്യൂസീലൻഡ് കോൺഫഡറേഷൻ കപ്പിൽ നിന്നും പുറത്തായി.
1999 ലെ കോൺഫഡറേഷൻ കപ്പ് ചാമ്പ്യന്മാരായ മെക്‌സിക്കോയും പത്തു കോൺഫഡറേഷൻ കപ്പ് മത്സരങ്ങളിൽ ഒറ്റ ജയം പോലും നേടാത്ത ന്യൂസീലൻഡും തമ്മിലുള്ള മത്സരത്തിൽ ആരും പ്രതീക്ഷിക്കാത്ത ആദ്യ പകുതിയാണ് കണ്ടത്. ഡോസ് സാന്റോസിന്റെ ഗോൾ ശ്രമവും മറുപടിയായി ടോമി സ്മിത്തിൻറെ ഹെഡറും ഒക്കെയായി തുടക്കം തന്നെ കളം കൊഴുത്തു. ക്രിസ് വുഡിനെ തടയാനുള്ള ശ്രമത്തിനിടെ കാർലോസ് സൽസീടോയ്ക്ക് പരിക്കേറ്റത് മെക്‌സിക്കോയ്ക്ക് തിരിച്ചടി ആയി. ആയ പകുതി അവസാനിക്കാൻ മൂന്നു മിനിട്ട് മാത്രം ബാക്കി നിൽക്കെ ന്യൂസീലൻഡ് ഗോൾ കണ്ടെത്തി. നെസ്റ്റർ അരൂജോയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് ക്രിസ് വൂഡ് ഓഷ്യാനിയ ചാമ്പ്യന്മാരെ മുന്നിൽ എത്തിച്ചു.


രണ്ടാം പകുതിയിൽ ഹെക്ടർ ഹെരേരയെ ഇറക്കിയ മെക്‌സിക്കോ ആക്രമണം കൊഴുപ്പിച്ചു. അൻപതിനാലാം മിനിറ്റിൽ റൌൾ ജിംനെസിലൂടെ മെക്‌സിക്കോ സമനില പിടിച്ചു. ജിംനെസിന്റെ കഴിഞ്ഞ നാല് മത്സരങ്ങളിലെ മൂന്നാം ഗോൾ ആണിത്. എഴുപത്തിരണ്ടാം മിനിറ്റിൽ മെക്‌സിക്കൻ ആധിപത്യം ഉറപ്പിച്ചുകൊണ്ട് ഒരിബി പെരാൽട്ട വിജയഗോളും നേടി. ഇതോടെ മെക്‌സിക്കോയും റഷ്യയും തമ്മിലുള്ള അവസാന ഗ്രൂപ്പ് മത്സരം നിർണായകമായി. പോർച്ചുഗലിന്റെ എതിരാളികൾ ടൂർണമെന്റിൽ നിന്നും പുറത്തായ ന്യൂസീലൻഡ് ആണെന്നിരിക്കെ മെക്‌സിക്കോയും റഷ്യയും തമ്മിലുള്ള മത്സരം ക്വാർട്ടർ ഫൈനൽ സമാനമായി.