പുതുവൈപ്പ് സമരം; യതീഷ് ചന്ദ്രക്കെതിരെ വിമർശനവുമായി ജേക്കബ് തോമസ്

0
89

പുതുവൈപ്പില്‍ നടന്ന ജനകീയസമരത്തെ നേരിട്ട പൊലീസ് നടപടി തെറ്റെന്ന് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിക്കുന്നത് ശരിയല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.

ജനങ്ങളെ സഹോദരന്മാരായി പൊലീസ് കാണണം. കൊച്ചിയില്‍ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ ആക്രമണത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ഏത് ഉദ്യോഗസ്ഥന്‍ ജനങ്ങളെ മര്‍ദിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ രണ്ടുദിവസങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈക്കോര്‍ട്ട് ജംക്ഷനില്‍ മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ ഡിസിപി യതീഷ് ചന്ദ്ര ക്രൂരമായി മര്‍ദിക്കുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു.

ഡിസിപിക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വിഎസ് അച്യുതാനന്ദന്‍, കാനം രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൊലീസ് മേധാവി ടി.പി സെന്‍കുമാറാകട്ടെ യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്നാണ് പ്രതികരിച്ചത്.