മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ച് ഉത്തരവ്

0
76

കേരള തീരത്ത് മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. 44 മീനുകളുടെ കുറഞ്ഞ വലുപ്പം നിശ്ചയിച്ചതായും കേരള സര്‍ക്കാരിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു. മത്സ്യത്തിന്റെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിനാണ് പുതിയ വിജ്ഞാപനമെന്ന് ഉത്തരവില്‍ പറയുന്നു. ഇന്ത്യയിലാദ്യമായി നടപ്പാക്കുന്ന വിജ്ഞാപനത്തെ മത്സ്യത്തൊഴിലാളി സംഘടനകള്‍ സ്വാഗതം ചെയ്യുന്നു.

മത്സ്യത്തീറ്റക്കും വളത്തിനുമായി മറ്റു സംസ്ഥാനങ്ങളിലെ ഫാക്ടറികള്‍ക്കുവേണ്ടി മത്സ്യകുഞ്ഞുങ്ങളെ പിടിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തടയുന്നതിനാണ് വിജ്ഞാപനം. 1980ലെ കേരള സമുദ്ര മത്സ്യ നിയമത്തിലെ നാലാം വകുപ്പ് പ്രകാരമാണ് വി‍ജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മത്സ്യ സമ്പത്തിന്റെ സുസ്ഥിര സംരക്ഷണത്തിനും മത്സ്യ സമ്പത്തിനെ ആശ്രയിച്ച് കഴിയുന്നവരുടെയും താത്പര്യം സംരക്ഷിക്കുന്നതിനുമായാണ് പുതിയ ഉത്തരവെന്നും ഇതില്‍ പറയുന്നു. 44 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലുപ്പവും നിശ്ചയിച്ചിട്ടുണ്ട്.

മത്സ്യമേഖലയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ട് അമേരിക്ക, ആസ്ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളും മിനിമം ലീഗല്‍ സൈസ് എന്നറിയപ്പെടുന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു നടപടി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഈ ദിശയില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതും കേരളത്തിലാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഈ ആവശ്യം ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍‌ തീരദേശ പണിമുടക്ക് നടത്തിയിരുന്നു.