യുവമോര്‍ച്ചാ നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടടി യന്ത്രം പിടികൂടി

0
318

കൊടുങ്ങല്ലൂർ മതിലകത്തെ യുവമോർച്ചാ നേതാവിന്റെ വീട്ടിൽനിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. ബിജെപി നേതാക്കളും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹിയുമായ ഏരാച്ചേരി രാഗേഷ്, സഹോദരൻ രാജേഷ് എന്നിവരുടെ വീട്ടിൽനിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹർഷന്റെ മക്കളാണ്. രാജേഷിനെമാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. രാഗേഷ് ഒളിവിലാണ്.

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇന്ന് വീട്ടിൽനിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഉണ്ടായിരുന്നത് . പൊലീസ് പരിശോധന തുടരുകയാണ്. വീട്ടിനകത്ത് മുകളിലെ മുറിയിലാണ് കള്ളനോട്ടടിയന്ത്രം സൂക്ഷിച്ചിരുന്നത്.നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും ഇവിടെനിന്നും പിടിച്ചു .

രാഗേഷ് പലിശക്ക് കടം കൊടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ് ഐയു സംഘവും. തുടർന്നു നടത്തിയ റെയ്ഡിലാണ് കള്ളനോട്ടടിക്കുന്നിതനുള്ള വിപുലമായ സൌകര്യങ്ങൾ കണ്ടെത്തിയത്. 2000ന്റെ അമ്പത് നോട്ടുകളും 500ന്റെ പത്ത് നോട്ടുകളുമാണ് പിടിച്ചെടുത്തത്. ദീർഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാൾക്കു പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായും സൂചനകളുണ്ട്.