രാജ്യത്തെ 14 ഗവര്‍ണര്‍മാര്‍ സംഘപരിവാറുകാര്‍

0
134

രാജ്യത്തെ 29 ഗവർണർമാരിൽ 12 പേരും കേന്ദ്രഭരണ പ്രദേശങ്ങളിലെ രണ്ട് ലഫ്. ഗവർണർമാരും ആർ.എസ്.എസുമായി നേരിട്ട് ബന്ധമുള്ളവർ. ഇവർ ആർ.എസ്.എസിന്‍റെ സ്വയംസേവകരൊ പ്രചാരകുമാരോ ആയിരുന്നു. രാംനാഥ് കോവിന്ദിനെ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി എൻ.ഡി.എ നിർദേശിച്ച പശ്ചാത്തലത്തിൽ ബിസിനസ് സ്റ്റാൻഡേർഡ് പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരം.
അരുണാചൽ പ്രദേശിന്‍റെ അധിക ചുമതല വഹിക്കുന്ന നാഗാലൻഡിലെ പത്മനാഭ ആചാര്യ, രാംനാഥ് കോവിന്ദിന്റെ രാജിയെ തുടർന്ന് ബിഹാറിന്‍റെ അധിക ചുമതല വഹിക്കുന്ന വെസ്റ്റ് ബംഗാളിലെ കേസരിനാഥ് ത്രിപാഠി, ഛത്തിസ്ഗഢിലെ ബൽറാംദാസ് ടാണ്ടൺ, മധ്യപ്രദേശിന്റെ അധിക ചുമതലയുള്ള ഗുജറാത്തിലെ ഓംപ്രകാശ് കോഹ്ലി, ഹരിയാനയുടെ കപ്താൻ സിങ് സോളങ്കി, ഹിമാചൽ പ്രദേശിലെ ആചാര്യദേവ് വ്രത്, കർണാടകയിലെ വജുഭായ് വാല, തമിഴ്‌നാടിന്‍റെഅധിക ചുമതലയുള്ള മഹാരാഷ്ട്രയിലെ സി. വിദ്യാസാഗർ റാവു, രാജസ്ഥാനിലെ കല്യാൺ സിങ്, ത്രിപുരയുടെ തഥാഗത റോയ്, ഉത്തർ പ്രദേശിലെ രാംനായിക് എന്നിവരാണ് ആർ.എസ്.എസുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഗവർണർമാർ.
ഗോവ ഗവർണർ മൃദുല സിൻഹയും ആർ.എസ്.എസുമായി ബന്ധമുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. അന്തമാൻ- നികോബാറിലെ ജഗദീഷ് മുഖി, ദമൻ- ഡ്യുവിലെ പ്രഫുൽ ഖോ പേട്ടൽ എന്നിവരാണ് ആർ.എസ്.എസ് ബന്ധമുള്ള ലഫ്. ഗവർണർമാർ. ഇവർക്ക് പുറമെ ആർ.എസ്.എസുമായി നേരിട്ട് ബന്ധമില്ലെങ്കിലും ബി.ജെ.പി നേതാക്കന്മാരായ ദ്രൗപദി മുർമു (ഝാർഖണ്ഡ്), വി.പി സിങ് ബഡ്‌നോരെ (പഞ്ചാബ്), ബൻവരിലാൽ പുരോഹിത് (അസം, മേഘാലയ) എന്നിവരും ഗവർണർമാരായുണ്ട്.