റൂപെ കോൺടാക്ട്‌ലെസ് കാർഡ് മേഖലയിലേക്ക്

0
131

കൊച്ചി: നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി മെട്രോയുമായും ബാംഗളൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായും ചേർന്ന് റൂപെ കോൺടാക്ട്‌ലെസ് കാർഡുകൾ അവതരിപ്പിച്ചു.   മെഷ്യനുകളിൽ കാർഡ് സ്പർശിക്കാതെ തന്നെ ഇടപാടുകൾ സാധ്യമാക്കുന്നവയാണ് കോൺടാക്ട്‌ലെസ് വിഭാഗത്തിൽ പെടുന്ന ഈ കാർഡുകൾ. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ  നാഷണൽ കോമൺ മൊബിലിറ്റി കാർഡ് മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് റൂപെയുടെ കോൺടാക്ട്‌ലെസ് പ്രീ പെയ്ഡ് കാർഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിവിധ മേഖലകളിൽ ഉപയോഗിക്കാനാവുന്ന ഓപ്പൺ ലൂപ്പ്, ഇ.എം.വി. അധിഷ്ഠിത കാർഡാണ് ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നത്.
റൂപെ കോൺടാക്ട്‌ലെസ് കാർഡുകൾ അവതരിപ്പിച്ചതോടെ നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽവൽക്കരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുകയാണെന്ന് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ.പി. ഹോത്ത പറഞ്ഞു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്, ബി.എം.ടി.സി. എന്നിവയുമായുള്ള സഹകരണം കുറഞ്ഞ നിരക്കിലെ ടിക്കറ്റ് ഇടപാടുകൾക്കു കൂടി സഹായകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ കോൺടാക്ട്‌ലെസ് പണമിടപപാടുകൾ നടത്തുന്നതിനുള്ള അവസരമായിരിക്കും ഭാവിയിൽ ഈ കാർഡുകൾ ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

    മെട്രോ, ബസ് എന്നീ ഗതാഗത ആവശ്യങ്ങൾ, ടോൾ പ്ലാസകൾ,  കച്ചവട സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ എല്ലാവിധ  പണം നൽകലുകൾക്കുമായി ഈ കാർഡ് ഉപയോഗിക്കാനാവും. രണ്ടായിരം രൂപയിൽ താഴെയുള്ള പണം നൽകലുകൾക്ക് ഉപഭോക്താക്കൾ ലളിതമായി അമർത്തുക മാത്രം ചെയ്താൽ മതിയാവും. സെക്കന്റുകൾക്കുള്ളിൽ ഇടപാടു പൂർത്തിയാകുകയും ചെയ്യും. റിസർവ്വ് ബാങ്ക് മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി ഇതിനായി പിൻ നൽകുന്നതു പോലെയുള്ള രണ്ടാം വട്ട പരിശോധനകൾ ഒന്നും ആവശ്യമായി വരില്ല.
നാഷണൽ പെയ്‌മെന്റ്‌സ് കോർപ്പറേഷനുമായി സഹകരിച്ച് ആക്‌സിസ് ബാങ്കും കൊച്ചി മെട്രോയും ചേർന്ന് കൊച്ചി വൺ കാർഡ് പുറത്തിറക്കിയിരുന്നു. ഓപ്പൺ സ്റ്റാൻഡേർഡ് അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാർഡ് എന്നതിനാൽ കൊച്ചി മെട്രോ നിരക്കുകൾ അടക്കുന്നതിനു പുറമേയുള്ള പ്രതിദിന പണമടക്കൽ ആവശ്യങ്ങൾക്കും ഇത് ഉപയോഗിക്കാനാവും. പണമായോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ അടക്കം വിവിധ രീതികളിൽ ഇതിലേക്ക് പണമടക്കുകയോ പണം കൈമാറുകയോ ചെയ്യാനാവും. എത്ര തുകയും ഇതിലേക്കു കൈമാറുകയും അതു സ്വീകരിക്കുന്ന വിവിധ മേഖലകളിൽ കോൺടാക്ട്, കോൺടാക്ട്‌ലെസ് രീതികളിൽ ഉപയോഗിക്കുകയും ചെയ്യാനാവും.