ലോക ഹോക്കി ലീഗ്: ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്ത്

0
136

ലോക ഹോക്കി ലീഗ് സെമി ഫൈനൽ റൗണ്ടിൽ ക്വാർട്ടർ ഫൈനൽ മൽസരത്തിൽ ഇന്ത്യ 2–3നു മലേഷ്യയോട് തോറ്റു പുറത്തായി. മലേഷ്യയ്ക്കായി റൈസി റഹീം രണ്ടു ഗോളുകളും (19, 48 മിനുറ്റുകൾ) തെൻഗു താജുദ്ദീൻ ഒരു ഗോളും (20 മിനുറ്റ്) നേടി. ഇന്ത്യയ്ക്കായി 24, 26 മിനുറ്റുകളിൽ രമൺദീപ് സിങ്ങാണ് ഗോൾ നേടിയത്.  മികച്ച മൽസരമായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത്. എന്നാൽ അനാവശ്യമായി പെനൽറ്റി കോർണറുകൾ വഴങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ആദ്യ ഇരുപത് മിനുറ്റ് നന്നായി കളിച്ച മലേഷ്യ രണ്ടു ഗോളിന് മുന്നിലായിരുന്നു. എന്നാൽ, രണ്ടു മിനുറ്റ് വിത്യാസത്തിൽ രണ്ടു ഗോളുകൾ നേടി രമൺദീപ് സിങ് ഇന്ത്യയെ മൽസരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 48–ാം മിനുറ്റിൽ തെൻഗു താജുദ്ദീൻ നേടിയ ഗോളിൽ മലേഷ്യ ജയം സ്വന്തമാക്കി.

ഏഴ് പെനൽറ്റി കോർണറുകളാണ് ഇന്ത്യ മൽസരത്തിൽ വഴങ്ങിയത്. മലേഷ്യ നേടിയ മൂന്നു ഗോളുകളും പെനൽറ്റി കോർണറിലൂടെയായിരുന്നു. ജയത്തോടെ അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മൽസരത്തിന് മലേഷ്യ യോഗ്യത നേടി.