വംശീയ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ഇന്‍ഫോസിസിനെതിരെ കേസ്. ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വംശീയമായ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് ജീവനക്കാരിയായ എറിക് ഗ്രീന്‍ എന്ന അമേരിക്കക്കാരിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയിലെ രണ്ട് ഓഫീസര്‍മാര്‍ക്കെതിരെയാണ് നിയമനടപടി.
ജൂണ്‍ 19ന് ടെക്സസിലെ ഒരു ജില്ലാ കോടതിയിലാണ് യുവതി പരാതി നല്‍കിയത്. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ വാസുദേവ നായിക്, ബിനോദ് ഹംപാപുര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവരെ വിചാരണ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരല്ലാത്ത മറ്റു ജീവനക്കാരോട് വിവേചനപരമായി പെരുമാറിയന്നൊണ് പരാതിയില്‍ പറയുന്നത്.
ഒരുവിധത്തിലുള്ള നടപടിക്രമങ്ങളും പാലിക്കാതെയാണ് തന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതെന്നും വംശീയതയാണ് നടപടിക്കു പിന്നിലെന്നും ഹര്‍ജിയില്‍ എറിക്ക് ആരോപിക്കുന്നു. സ്വദേശി വത്ക്കരണത്തിന്റെ ഭാഗമായി അമേരിക്കക്കാരല്ലാത്തവരെ ജോലിയില്‍ നിന്നു പിരിച്ചു വിടുമെന്ന് ഇന്‍ഫോസിസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വംശീയത ആരോപിച്ച് ഇത്തരമൊരു കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.