വില്ലേജ് ഓഫീസിൽ കർഷകൻ തൂങ്ങി മരിച്ചു

0
136

നികുതി സ്വീകരിക്കാൻ വില്ലേജ് അധീകൃതർ തയ്യാറാകാത്ത മനപ്രയാസത്തിൽ കർഷകൻ വില്ലേജ് ഓഫീസിൽ തൂങ്ങി മരിച്ചു. ചക്കിട്ടപ്പാറ  കാട്ടുക്കിക്കുളം കാവിൽ  പുരയിടത്തിൽ ജോയി(57) ആണ് വില്ലേജ് ഓഫീസ് കെട്ടിടത്തിൽ തൂങ്ങി മരിച്ചത്. കൈവശ നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഭാര്യ: മോളി. മക്കൾ: അമ്പിളി, അഞ്ജു, അമൽ.

ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതിയടക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുൻപ് പ്രശ്‌നമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ജോയിയും ഭാര്യയും ചെമ്പനോട് വിലേജ് ഓഫീസിൽ നിരാഹാരം കിടന്നിരുന്നു.

തുടർന്ന് സാമൂഹിക പ്രവർത്തകരും രാഷ്ട്രീയക്കാരും ഇടപെട്ടതിനെത്തുടർന്ന് കൊയിലാണ്ടി തഹസീൽദാർ നികുതി അടക്കുന്നതിനുള്ള സൗകര്യമൊരുക്കി കൊടുത്തു. അന്ന് ഒരു തവണ ജോയ് നികുതിയടച്ചതായി പറയുന്നു. എന്നാൽ വീണ്ടും വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കാതിരുന്നെന്നും ഓരോ തവണ എന്തെങ്കിലും കാരണം പറഞ്ഞ് ഇദ്ദേഹത്തെ ഒഴിവാക്കിയതായും പറയുന്നു. ഇതിൽ മനംനൊന്താവാം ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി.

അതേസമയം മൃതദേഹം അഴിച്ചു മാറ്റാനുള്ള പോലീസ് ശ്രമം നാട്ടുകാർ തടഞ്ഞു. കലക്ടറോ തഹസിൽദാറോ എത്താതെ മൃതദേഹം അഴിച്ചുമാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാട് എടുത്തതോടെ പോലീസ് പിൻവാങ്ങി.  സംഭവത്തിൽ പ്രതിഷേധിച്ച് ചക്കിട്ടപ്പാറയിൽ ഇന്ന് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.