ന്യൂഡല്‍ഹി: ഹിന്ദു തീവ്രവാദത്തെപ്പറ്റി പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബി.ജെ.പി നേതാക്കന്മാര്. ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാനാവില്ലെന്ന് പറഞ്ഞ ഹരിയാന മന്ത്രി അനില്‍ വിജിനെ പിന്തുണച്ച് ബി.ജെ.പിയുടെ തന്നെ നേതാവായ സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തി. എന്നാല്‍ കടുത്ത പ്രതികരണമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്.
ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാനാവില്ലെന്നും അതു സംഘിക്കു മാത്രമേ സാധിക്കൂവെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. 2007 ലെ സംഝോത എക്സ്പ്രസ് സ്ഫോടനം പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അനില്‍ വിജ്.
അനില്‍ വിജ് പറഞ്ഞത്
”ഒരു ഹിന്ദുവിന് തീവ്രവാദിയാകാനാവില്ല. ‘ഹിന്ദു തീവ്രവാദം’ എന്ന എന്ന പ്രയോഗം പോലുമില്ല. പ്രകൃത്യാ ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാനാവില്ല. ഹിന്ദുക്കള്‍ തീവ്രവാദികളായാല് മറ്റു തീവ്രവാദികള്‍ക്ക് നിലനില്‍പ്പില്ല”
സുബ്രഹ്മണ്യന് സ്വാമി പറഞ്ഞത്
”ഒരു മതത്തില്‍ മൗലികവാദ മന:സ്ഥിതി ഇല്ലെങ്കില്‍ അവിടെ തീവ്രവാദം ഉണ്ടാകില്ല. ഹിന്ദു മതം മൗലികവാദമല്ല. കാരണം, ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ നിരവധി വഴികളും നിരവധി പുസ്തകങ്ങളുമുണ്ട്. ഞങ്ങള്‍ക്ക് ഒരു പുസ്തകമോ ഒരു ചര്‍ച്ചോ ഒരു മക്കയോ അല്ല ഉള്ളത്. വിശാലമായ ഇത്തരം വൈവിധ്യങ്ങള്‍ മൗലികവാദത്തിന് സാധ്യതയില്ലാതാക്കുന്നു”
ദിഗ്വിജയ് സിങിന്റെ മറുപടി
”അനില്‍ വിജ് പറഞ്ഞത് ശരിയാണ്, ഒരു ഹിന്ദുവിന് തീവ്രവാദിയാകാനാവില്ല, ഒരു സംഘിക്കു മാത്രമേ അതു സാധിക്കൂ”