അടിമുടി ദുരൂഹത, ബിജെപി നേതാക്കളുടെ കണ്ണിലുണ്ണി ,കള്ളപ്പണ വിരുദ്ധ പ്രചാരത്തിന്‍റെ നായകന്‍

0
118

ശ്രീനാരായണപുരം അഞ്ചാംപരുത്തിയിൽ കള്ളനോട്ട് അച്ചടിച്ച സംഭവത്തിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് രാകേഷിന്റെ ഇടപാടുകൾ ദുരൂഹത നിറഞ്ഞത്. ബിജെപിയുടെ ഉന്നത സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാകേഷ് നോട്ട് നിരോധനകാലത്ത് ”കള്ളപ്പണ മുന്നണികൾക്കെതിരെ ‘ എന്ന തലക്കെട്ടിൽ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രൻ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോർഡുകളിൽ ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ടയാള്‍ കൂടിയാണ്. രാകേഷിനെ പുറത്താക്കി തൃശൂര്‍ ബിജെപി ജില്ലാ നേതൃത്വം തലയൂരാന്‍ നോക്കിയെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉന്നത നേതാക്കള്‍ക്ക് ഒപ്പമുള്ള കള്ളനോട്ടടിക്കാരന്‍ ബിജെപി നേതാവിന്‍റെ ചിത്രങ്ങള്‍ പാര്‍ട്ടിക്ക് വലിയ പരിക്കാണ് ഉണ്ടാക്കുന്നത്‌.

ഇക്കണോമിക്സ് ബിരുദധാരിയായ ഇയാൾ കംപ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട് മുംബൈ, ഡൽഹി എന്നിവിടങ്ങളിലും തുടർന്ന് ഗൾഫിലും ജോലിചെയ്തിരുന്നു. അവിടെനിന്നും തിരിച്ച് ഡൽഹിയിലെത്തിയ ഇയാൾ അവിടെ ഒരു സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങിയാണ് നാട്ടിലെത്തിയതെന്ന് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽനിന്നുണ്ടായ ഭീഷണികളിൽനിന്നു രക്ഷപ്പെടാനാണ്  ഇയാൾ ബി.ജെ.പി.യിലെത്തുന്നത്. ഇയാളുടെ സഹോദരൻ ഒ.ബി.സി. മോർച്ച മണ്ഡലം ഭാരവാഹിയാണ്.പ്രത്യേകിച്ച് ജോലികളൊന്നുമില്ലെങ്കിലും ഇയാൾ മുഴുവൻ സമയവും തിരക്കിലായിരുന്നു. അറസ്റ്റിലായ രാകേഷ് അറിയപ്പെടുന്ന കംപ്യൂട്ടർ വിദഗ്ധനാണ്. ഇടയ്ക്കിടെ നാട്ടിൽനിന്നു വിട്ടുനിന്നിരുന്ന ഇയാൾ എവിടെയാണ് തമ്പടിച്ചിരുന്നതെന്ന് അടുത്ത സുഹൃത്തുക്കൾക്കുപോലും അറിയാൻ കഴിഞ്ഞിരുന്നില്ല. കേന്ദ്രസർക്കാർ ജീവനക്കാരനാണെന്നാണ് പലരോടും പറഞ്ഞിരുന്നത്.വലിയതോതിൽ പണം പലിശയ്ക്ക് നൽകിയിരുന്ന രാകേഷിന്റെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും നാട്ടുകാർക്കിടയിൽ സംശയം നിലനിന്നിരുന്നു. രണ്ട് വർഷം മുമ്പ് അടുത്ത വീട്ടുകാരുടെ ഒരു ആധാരം വായ്പയെടുത്ത് നൽകാമെന്നു പറഞ്ഞ് വാങ്ങുകയും പിന്നീട് വ്യാജ ആധാരം മടക്കിക്കൊടുത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി നാട്ടുകാർ പറയുന്നു.

റിസർവ് ബാങ്ക് അച്ചടിക്കുന്ന നോട്ടിന്റെ അതേ മാതൃകയിൽ കംപ്യൂട്ടറിൽ കറൻസി തയ്യാറാക്കി കറൻസി നോട്ടിനു സമാനമായ പേപ്പറിൽ പ്രിന്റെടുത്ത് മുറിച്ചാണ് വിതരണം ചെയ്തിരുന്നത്. പെട്രോൾ പമ്പിലും ബാങ്കുകളിലുമാണ് നോട്ടുകൾ മാറിയെടുത്തിരുന്നത്. ബാങ്കുകാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. രാകേഷ് പലിശയ്ക്ക് പണം കൊടുക്കുന്നുവെന്ന തുടർച്ചയായ പരാതിയിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് വൻ കള്ളനോട്ടടി കേന്ദ്രം കണ്ടെത്തിയത്. പുതിയ 2000, 500 കറൻസികളാണ് പ്രധാനമായും അച്ചടിച്ച് വിതരണം ചെയ്തിരുന്നത്. വീടിന്റെ മുകൾനിലയിലെ പ്രത്യേകം തയ്യാറാക്കിയ മുറിയിലായിരുന്നു അച്ചടി. 50, 20 രൂപയുടെ വ്യാജനോട്ടുകളും പിടിച്ചെടുത്തു. ഇവർ എത്രമാത്രം കറൻസി വിതരണം ചെയ്തിട്ടുണ്ടെന്നത് കൂടുതൽ അന്വേഷണത്തിനുശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

രണ്ടായിരത്തിന്റെ 50 നോട്ടും അഞ്ഞൂറിന്റെയും അമ്പതിന്റെയും പത്തുനോട്ട് വീതവും ഇരുപതിന്റെ 12 നോട്ടുമാണ് പിടിച്ചെടുത്തത്. നോട്ട് തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന കംപ്യൂട്ടർ, ലാപ്‌ടോപ്പ്, ബോണ്ട് പേപ്പർ, കളർ പ്രിന്റർ, മഷി എന്നിവയും പൊലീസ് പിടിച്ചെടുത്തു. കൊള്ളപ്പലിശ ഈടാക്കുന്ന രേഖകളും വീട്ടിൽനിന്ന് കണ്ടെത്തി. പിടിച്ചെടുത്ത നോട്ടുകൾ എല്ലാം ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധിച്ച് വ്യാജമാണെന്ന് ഉറപ്പുവരുത്തി. സൈബർ സെല്ലിന്റെ സഹായവും തേടിയിരുന്നു.കൊടുങ്ങല്ലൂരിൽ നിന്നാണ് ഇയാൾ പ്രിൻറർ വാങ്ങിയത്. ഇയാൾ പ്രിൻറ് ചെയ്ത 2,000 രൂപ നോട്ടുകളിലൊന്ന് ഒരു പെട്രാൾ പമ്പിൽ െചലവഴിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി വിവരമുണ്ട്. ഇതേത്തുടർന്ന് ഇയാൾ നോട്ട് കത്തിച്ചതായി പൊലീസിനോട് പറഞ്ഞു

അതേസമയം, ചെറിയ നോട്ടുകൾ ഇയാൾ ചെലവഴിച്ചിരുന്നുവേത്ര. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച സൂചനകളാണ് റെയ്ഡിലേക്ക് നയിച്ചതത്രേ. മതിലകം എസ്‌.െഎ യും ടീമുമാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിറകെയാണ് സി.ഐമാരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും വന്നത്. ഇരുവരും മാതാപിതാക്കളോടൊപ്പമാണ് കള്ളനോട്ട് പിടിച്ച ശ്രീനാരായണപുരത്തെ വീട്ടിൽ താമസിക്കുന്നത്. റെയ്ഡ് സമയത്ത് രാഗേഷും മാതാപിതാക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ് രാവിലെ മുതൽ വൈകീട്ടുവരെ രാകേഷിന്റെ വീടിനു മുന്നിൽ ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. വൈകീട്ട് ആറരയോടെ രാകേഷിനെയുംകൊണ്ട് പോലീസ് വീട്ടിൽനിന്നിറങ്ങുമ്പോൾ വലിയതോതിലുള്ള മുദ്രാവാക്യം വിളികളും കൂക്കിവിളിയും ഉയർന്നു. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് ഇയാളെയുംകൊണ്ട് സ്റ്റേഷനിലേക്ക് പോയത്.