അശ്വതിക്കും ലാലിനും മനുവിനും കേന്ദ്രസാഹിത്യ പുരസ്‌കാരം

0
110


യുവ എഴുത്തുകാർക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ പുരസ്‌കാരം മലയാളത്തിൽ അശ്വതി ശശികുമാറിന്. ജോസഫിന്റെ മണം എന്ന ചെറുകഥാ സമാഹാരമാണ് അശ്വതിയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ബാലസാഹിത്യ പുരസ്‌കാരം എസ് ആർ ലാലിന് ലഭിച്ചു. മലയാളിയായ മനു എസ് പിള്ള രചിച്ച ‘ദി ഐവറി ത്രോൺ’ ഇംഗ്‌ളീഷ് വിഭാഗത്തിൽ പുരസ്‌കാരം നേടി.

24 ഭാഷകളിലെ 35 വയസ്സിൽ താഴെയുള്ള എഴുത്തുകാർക്കാണ് യുവസാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം പിന്നീട് സമ്മാനിക്കും. ഡോ. പി കെ രാജശേഖരൻ, ഡോ. ജോയ് വാഴയിൽ, എം രാജീവ്കുമാർ എന്നിവരടങ്ങുന്ന സമിതിയാണ് മലയാളത്തിലെ യുവസാഹിത്യ പുരസ്‌കാരം നിർണയിച്ചത്.

എസ് ആർ ലാൽ എഴുതിയ ‘കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം’ എന്ന നോവലിനാണ് ബാലസാഹിത്യ പുരസ്‌കാരം. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം നവംബർ 14ന് സമ്മാനിക്കും. സുമംഗല, സാറാ ജോസഫ്, ഡോ. വത്സല ബേബി എന്നിവർ ഉൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. തിരുവനന്തപുരം കോലിയക്കോട് സ്വദേശിയായ എസ് ആർ ലാൽ ‘ഗ്രന്ഥാലോകം’ അസി.എഡിറ്ററാണ്.