ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും എടുത്തു

0
133

കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിയുടെ മൊഴി വീണ്ടും എടുത്തു. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന പൾസർ സുനിയുടെ സഹതടവുകാരൻ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുത്തത്.

പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി കാറിൽ വച്ച് ആക്രമിച്ച സംഭവത്തിലെ മുഖ്യ പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈ കേസിൽ പൊലീസ് തുടർ അന്വേഷണം തുടങ്ങി.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ഒരു പ്രമുഖ നടന്റെ നിർദേശമനുസരിച്ചാണെന്നും ഇതിൽ ഒരു സംവിധായകൻ ഇടപെട്ടിട്ടുണ്ടെന്നുമുള്ള പുതിയ വിവരങ്ങളാണ് സുനി പുറത്തുവിട്ടിട്ടുള്ളതെന്നാണ് സൂചന . പൾസർ സുനിയോടൊപ്പം മറ്റൊരു കേസിൽ കാക്കനാട് ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന ചാലക്കുടി സ്വദേശി ജിൻസനോടാണ് സംഭവത്തിലെ ഗൂഢാലോചനയെപ്പറ്റി ഇയാൾ പറഞ്ഞിട്ടുള്ളത് .ജിൻസനിലിൽ നിന്നും പൊലീസിന് ലഭിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതിനെത്തുടർന്ന് ഇയാളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.

നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത തട്ടിപ്പു കേസിൽ പ്രതിയായ ജിൻസനും പൾസർ സുനിയും ഒരേ മുറിയിലായിരുന്നു പാർപ്പിച്ചിരുന്നത് .ഇവർ സൗഹൃദത്തിലാവുകയും കേസിലെ ഗൂഢാലോചനയും മറ്റു സംഭവവികാസങ്ങളും സുനി ഇയാളോട് പങ്കുവക്കുകയായിരുന്നു .പുതിയ വെളിപ്പെടുത്തൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.കുറ്റപത്രം സമർപ്പിച്ച കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നൽകാൻ കഴിയുന്നതാണ്.കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയിലാണ് നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ചത്. ഇതിൽ അന്വേഷണം നടത്തി ഏപ്രിൽ 18 ന് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളതാണ്.

ഈ കേസിൽ പ്രതികളായ കൊരട്ടി സ്വദേശി ഡ്രൈവർ മാർട്ടിൻ , തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.കുറ്റപത്രം സമർപ്പിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിൽ മറ്റൊരു കേസിലെ പ്രതിയും സഹ തടവുകാരനുമായ ജിൻസൻ എന്നിവർ അന്വേഷണ സംഘത്തോട് പുതിയ വെളിപ്പെടുത്തതൽ നടത്തിയ സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നുള്ള പൊലീസ് നിലപാട് അനുസരിച്ചാണ് പ്രതികൾക്ക് ജാമ്യം കോടതി നിഷേധിച്ചത്.