ആത്മഹത്യ ചെയ്ത കര്ഷകന് ജോയിയുടെ ഭൂമിയുടെ കരം സ്വീകരിച്ചു. ജോയിയുടെ സഹോദരനാണു കരം ഒടുക്കിയത്. ചെമ്പനോട വില്ലേജ് ഓഫിസിലുള്ള, ജോയിയുടെ ഭൂമി സംബന്ധിച്ച രേഖകള്‍ തിരുത്തിയിട്ടുണ്ടെന്നു കണ്ടെത്തി. ജോയിയുടെ ഒരേക്കര്‍ ഭൂമി ഭാര്യ മോളി തോമസിന്റെ പേരിലേക്കു മാറ്റിയപ്പോള്‍ റജിസ്റ്ററില്‍ 80 സെന്റ് എന്നാണ് രേഖപ്പെടുത്തിയത്. ബന്ധുക്കള്‍ കരം അടയ്ക്കാനെത്തിയപ്പോഴാണ് ഇതു കണ്ടെത്തിയത്.
ഇക്കാര്യങ്ങള്‍ പരിഗണിച്ച് കര്‍ഷക ആത്മഹത്യ സംബന്ധിച്ച് ജില്ലാ കലക്ടര്‍ യു.വി. ജോസ് സര്‍ക്കാരിനു നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തമായ പരാമര്‍ശമുണ്ട്. സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റി. കരം പിരിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങളില്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായ കാലതാമസം വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ചു വിശദമായ അന്വേഷണത്തിനു ഡപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും. സംഭവത്തില്‍ ഉള്‍പ്പെട്ട ചെമ്പനോട വില്ലേജ് ഓഫിസറെയും അസിസ്റ്റന്റിനെയും നേരത്തേതന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഭൂമിയുടെ കരം അടയ്ക്കാന്‍ വില്ലേജ് അസിസ്റ്റന്റ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യചെയ്ത ജോയിയുടെ ഭാര്യ മോളി പറഞ്ഞു. വസ്തുവിന്റെ രേഖകളെല്ലാം കൃത്യമായി ഉണ്ടായിരുന്നിട്ടും കൈക്കൂലി ആവശ്യപ്പെട്ടു. ഇതില്‍ മനംനൊന്താണു ജോയി ആത്മഹത്യചെയ്തത്. കുടുംബത്തിന്റെ കടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മോളി ആവശ്യപ്പെട്ടു.