ആധാര്‍ – പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികള്‍ താളംതെറ്റാന്‍ കാരണം അപ്ഡേഷന് സോഫ്റ്റ്വെയറിലെ തകരാറെന്ന് കണ്ടെത്തല്‍. അപ്ഡേഷനായി യൂണീക് ഐഡെന്റിഫിക്കേഷന് അഥോറിറ്റി ഓഫ് ഇന്ത്യയുടെ സോഫ്റ്റ്വെയറാണ് ഉപയോഗിച്ചിരുന്നത്.
ഐടി മിഷന് പ്രശ്നം പരിഹരിക്കണമെന്ന് യുഐഡി അധികൃതരെ അറിയിച്ചെങ്കിലും തകരാറിനിടയാക്കിയ സാങ്കേതിക കാരണങ്ങള്‍ കണ്ടെത്താനോ പരിഹരിക്കാനോ കഴിഞ്ഞിട്ടില്ല. ഇതോടെ ആധാര്‍ പാന്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ സംസ്ഥാനത്തുടനീളം സ്തംഭനാവസ്ഥയിലായി.
ആധാര്‍ പുതുക്കുന്നതിനും, ആധാര്‍ പുതുതായി എടുക്കുന്നതിനും രണ്ടു തരത്തിലുള്ള സോഫ്റ്റ്വെയറുകളാണ് സാധാരണ ഉപയോഗിച്ചു വരുന്നത്. യുസിഎല്‍ സോഫ്റ്റ്വെയറാണ് ആധാറില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഉപയോഗിക്കുന്നത്.
ആധാറും പാനും ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകണമെങ്കില്‍ ആധാറിലേയും പാന്‍കാര്‍ഡിലേയും വിവരങ്ങള്‍ ഒന്നായിരിക്കണം. തെറ്റുകള്‍ തിരുത്താന്‍ പാനിനെക്കാള് എളുപ്പം ആധാറായതിനാല് അക്ഷയകേന്ദ്രങ്ങളിലേക്കു നിരവധിപേരാണ് എത്തുന്നത്. ഒരേസമയം നിരവധിപേര്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചതോടെയാണ് യുഐഡി സെര്‍വര്‍ തകരാറിലായത്.
സംസ്ഥാനത്തെ 2,850 അക്ഷയകേന്ദ്രങ്ങളില്‍ 750 അക്ഷയകേന്ദ്രങ്ങളില്‍ അധാര് പുതുതായി എടുക്കുന്ന നടപടികള്‍ മാത്രമാണുള്ളത്. 200 കേന്ദ്രങ്ങളിലാണ് ആധാറിലെ തെറ്റുകള്‍ തിരുത്തുന്നത്. ഇവ രണ്ടു പ്രവൃത്തിയും ചെയ്യുന്ന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അത് താരതമ്യേന കുറവാണ്.
11 മണി മുതല്‍ അഞ്ചു മണിവരെയുള്ള സമയത്താണു കംപ്യൂട്ടര്‍ സംവിധാനം തകരാറിലാകുന്നത്. കംപ്യൂട്ടര്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ ഐടി മിഷനു സ്വന്തമായി പരിഹരിക്കാന്‍ കഴിയുന്നതല്ല. ഈ മാസം 30ന് ആധാര്‍ പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്നാണു കേന്ദ്ര നിര്‍ദേശം.