ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കേണ്ടതില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ചൈന. സ്വിറ്റ്സര്‍ലന്റിലെ ബേണില്‍ നടന്ന എന്‍എസ്ജി സമ്മേളനത്തിനിടെയാണ് ചൈനീസ് വക്താവ് നിലപാട് ആവര്‍ത്തിച്ചത്. ഇതോടെ ആഗോള ആണവ ക്രയവിക്രയ രംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം ഇത്തവണയും പരാജയപ്പെട്ടേക്കും.
ആണവനിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമേ എന്‍സിജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതു കൊണ്ട് തന്നെ തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതേ നിലപാട് സമ്മേളനത്തിന് മുന്‍പും ചൈന ആവര്‍ത്തിച്ചിരുന്നു.
കൃത്യമായ നിയമങ്ങള്‍ പാലിച്ചേ എന്‍സിജി പ്രവേശനം സാധ്യമാവുകയുള്ളൂവെന്നും, മാനദണ്ഡങ്ങളെകുറിച്ച് 2016ലെ സോള്‍ പ്ളീനറിയില്‍ വെച്ച് വ്യക്തമാക്കിയതുമാണെന്നും അദ്ദേഹം പറഞ്ഞു. ആണവ നിര്‍വ്യാപന കരാറില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് അംഗത്വംനല്‍കുന്നത് സംബന്ധിച്ച സാങ്കേതിക, നിയമ, രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ചര്‍ച്ചനടത്തിയ ശേഷമേ തീരുമാനിക്കൂ എന്നും ഗെങ് ഷുവാങ് വ്യക്തമാക്കുന്നു.
ജൂണ്‍19 ന് സ്വിറ്റ്സര്‍ലന്‍ഡിലെ ബേണില്‍ തുടങ്ങിയ നിര്‍ണായക സമ്മേളനം ഇന്ന് അവസാനിക്കും. എന്‍എസ്ജി അംഗത്വം ലഭിക്കുന്നതിന് ചൈന വിലങ്ങുതടിയായി നില്‍ക്കുന്നത് ഇന്ത്യ- ചൈന ബന്ധത്തെ ഉലക്കുന്നുണ്ട്.