എം.എല്‍.എമാര്‍ക്കെതിരേ അപകീര്‍ത്തി വാര്‍ത്ത: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയമസഭ തടവുശിക്ഷ വിധിച്ചു

0
94

എം.എല്‍.എമാര്‍ക്കെതിരേ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് കര്‍ണാടക നിയമസഭ തടവുശിക്ഷ വിധിച്ചു. ‘ഹായ് ബാംഗ്ലൂര്‍’ എഡിറ്റര്‍ രവി ബോലഗെരെ, ‘യെലഹങ്ക വോയ്സ്’ എഡിറ്റര്‍ അനില്‍ രാജ് എന്നിവര്‍ക്കെതിരെയാണു നടപടി. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം അധികതടവ് അനുഭവിക്കേണ്ടിവരും. കര്‍ണാടക നിയമസഭ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍മ്പാണ് കേസിന് ആസ്പദമായ സംഭവം. അപകീര്‍ത്തികരമായ ലേഖനങ്ങളിലൂടെ നിയമസഭാ സമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എം.എല്‍.എമാരുടെ പരാതിയെ തുടര്‍ന്ന് അസംബ്ലി ചുമതലപ്പെടുത്തിയ പ്രിവിലേജ് കമ്മറ്റിയുടെ നിര്‍ദേശം കര്‍ണാടക നിയമസഭ ശരിവയ്ക്കുകയായിരുന്നു. 2014 സെപ്തംബറില്‍ ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എം.എല്‍.എമാരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ.ബി കോളിവാദ് ആണ് ശിക്ഷ വിധിച്ചത്.

കോണ്‍ഗ്രസ് എം.എല്‍.എമാരായ കെ.ബി.കൊളീവാഡും ബി.എം.നാഗരാജും ‘ഹായ് ബാംഗ്ലൂരി’ല്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ സ്പീക്കര്‍ക്കു പരാതി നല്‍കിയിരുന്നു. യെലഹങ്കയില്‍ നിന്നുള്ള ബി.ജെ.പി. എം.എല്‍.എ. എസ്.ആര്‍.വിശ്വനാഥ് ‘യെലഹങ്ക വോയ്സി’നെതിരെ ഈ വര്‍ഷമാണു പരാതി നല്‍കിയത്. 2014ല്‍ പരാതി നല്‍കിയ കോളീവാഡ് ആണ് ഇപ്പോള്‍ കര്‍ണാടക സ്പീക്കര്‍.